കുതിരാന്‍ തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗതം നിര്‍ത്തി

0
12

വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിലൂടെയുള്ള വാഹന ഗതാഗതം താല്കാലികമായി നിര്‍ത്തി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഈ മാസം 24 മുതല്‍ കുതിരാന്‍ തുരങ്കത്തിലൂടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത്. അഞ്ച് ദിവസത്തേക്കാണ് ആദ്യം വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടു കൂടി വാഹനങ്ങളുടെ പ്രവേശനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോകുന്ന വാഹനങ്ങള്‍, ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വാഹനങ്ങളാണ് ഇത് വഴി കടത്തിവിട്ടിരുന്നത്. ആദ്യം തുരങ്കത്തിലൂടെ പ്രതിദിനം മുന്നൂറോളം വാഹനങ്ങളാണ് കടന്ന് പോയിരുന്നത്.
എന്നാല്‍ പിന്നീട് കുറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
പോവുകയായിരുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഇപ്പോള്‍ വാഹന ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ കാരണം. പ്രളയക്കെടുതിയും കനത്ത മഴയെയും തുടര്‍ന്ന് കുതിരാനില്‍ ഗതാഗത തടസം വ്യാപകമായ സാഹചര്യത്തിലാണ് സ്ഥലത്ത് സന്ദര്‍ശനം നടത്തിയ മന്ത്രിമാരായ എ സി മൊയ്തീനും, വി എസ് സുനില്‍കുമാറും തുരങ്കത്തിലൂടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശം നല്കിയത്. കുതിരാനില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മുഴുവന്‍ വാഹനങ്ങളും കടത്തിവിടണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ തുരങ്കത്തിന്റെ ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ദേശീയപാത
കരാര്‍ കമ്പനിയായ കെ എം സി തുരങ്കം ഉപകരാറെടുത്തിരിക്കുന്ന പ്രഗതിക്ക്
കുടിശ്ശിക നല്കാനുള്ളതിനാല്‍ തുരങ്കത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍
സാധ്യതയില്ല. നാല്‍പത്തഞ്ച് കോടിയോളം രൂപയാണ് പ്രഗതിക്ക് കെ എം സി കമ്പനി നല്കാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here