ചരിത്ര വിസ്മയത്തെ തനിമ ചോരാതെ സംരക്ഷിച്ച് തോമസ് ജോര്‍ജ്

    0
    46
    കടമ്പനാട് പടിപ്പുരവീട്ടില്‍ മുനിയച്ചന്റെ സ്മാരക മ്യൂസിയം .

    കടമ്പനാട്: ചരിത്രം തൊട്ടിലാട്ടി വളര്‍ത്തിയ ഗ്രാമങ്ങളാണ് കടമ്പനാടും മണ്ണടിയും. പുരാതന ക്രൈസ്തവ കേന്ദ്രമായിരുന്നു കടമ്പനാടെങ്കില്‍ ഹൈന്ദവ കേന്ദ്രമായിരുന്നു മണ്ണടി. ഇവിടെ എങ്ങോട്ടു തിരിഞ്ഞാലും ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കാണാം. സര്‍ക്കാര്‍ ഏറ്റെടുത്ത സംരക്ഷിത സ്മാരകങ്ങള്‍ ആക്കിയതിനാല്‍ അവ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ ഏഴു നൂറ്റാണ്ടിന്റെ ചരിത്ര വിസ്മയത്തെ തനിമ ചോരാതെ സംരക്ഷിക്കുകയാണ് പടിപ്പുരവീട്ടില്‍ അഡ്വ: തോമസ് ജോര്‍ജ്. പഴമയെ വിറ്റു തുലയ്ക്കുന്ന പുതുതലമുറയ്ക്ക് മുന്നില്‍ ഈ അഭിഭാഷകന്‍ വ്യത്യസ്തനാവുകയാണ്. അദ്ദേഹം സംരക്ഷിക്കുന്നത് 710 വര്‍ഷം പഴക്കമുളള പടിപ്പുര വീടാണ്. പഴയ വീടിന് ചുറ്റും പുതിയ കെട്ടിടം പണിതാണ് തോമസ് പഴമ നിലനിര്‍ത്തിയിരിക്കുന്നത്. മ്യൂസിയത്തോട് കൂടിയ കെട്ടിടത്തില്‍ ചിത്രപ്പപണികള്‍ ചെയ്ത് തടിയില്‍ തീര്‍ത്ത ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഒരു പീഠവും പുരാതനമായ മറ്റ് പല വസ്തുക്കളും പടിപ്പുരവീട്ടില്‍ ഇന്നും കേടുകൂടാതെയുണ്ട്. ക്രൈസ്തവ കുടുംബമാണെങ്കിലും പടിപ്പുരവീട്ടില്‍ ഹിന്ദുക്കളടക്കമുള്ള ധാരാളം വിശ്വാസികള്‍ വിളക്കുകൊളുത്തുകയും നേര്‍ച്ചകള്‍ നല്‍കുകയും ചെയ്തുവരുന്നു. നാലു നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വൈദിക ശ്രേഷ്ഠനായ മുനിയച്ചനെന്ന പടിപ്പുര വീട്ടിലച്ചന് കണ്ണാല്‍ത്തറയില്‍ വെച്ച് ദേവീദര്‍ശനമുണ്ടായത്രേ. ദേവിയുടെ ആജ്ഞാനുസരണം മണ്ണടിയില്‍പോയി നാടുവാഴിയായ വാഞ്ഞിപ്പുഴ തമ്പുരാനേയും കാമ്പിത്താനേയും ഇവിടെ വരുത്തി എന്നാണ് ഐതിഹ്യം. കാമ്പിത്താന്‍ കണ്ണാല്‍ത്തറയില്‍ നിന്ന് ശൂലം എറിഞ്ഞാണ് ഇന്ന് കാണുന്ന ദേവീക്ഷേത്രമുണ്ടായതെന്നാണ് പഴമക്കാര്‍ വിശ്വസിക്കുക്കുന്നത്. ഇതിന്റെ ഉപകാര സ്മരണയ്ക്കാണ് ഹൈന്ദവര്‍ ഇന്നും പടിപ്പുര വീട്ടില്‍ വിളക്കു തെളിക്കുന്നത്. മുനിയച്ചനെപറ്റി പല കഥകളും തലമുറകളായി പറഞ്ഞു വരുന്നുണ്ട്. 1599-ല്‍ പോര്‍ട്ടുഗീസുകാരനായ മെനാസിസ് ഉദയം പേരൂര്‍ സുന്നഹദോസ് വിളിച്ചു കൂട്ടിയപ്പോള്‍ അന്ന് കടമ്പനാട് വലിയ പള്ളിയിലെ വൈദികനായിരുന്നു മുനിയച്ചന്‍. മുനിയച്ചന്‍ മെനാസിസിന്റെ കല്‍പ്പന ലംഘിച്ച് സുന്നഹദോസില്‍ പങ്കെടുത്തില്ലത്രേ! ഇതില്‍ കുപിതനായ മെനാസിസ് അനുയായികളേയും കൂട്ടി സന്നാഹങ്ങളോടെ പള്ളി കൈയേറുന്നതിനും മറ്റുമായി തേവലക്കര വരെയെത്തി എന്നാല്‍ പെട്ടെന്ന് മെനാസിസിന് കടുത്ത രോഗബാധിയുണ്ടായി. അക്കാരണത്താലദ്ദേഹം തിരികെ പോയതായും പറയപ്പെടുന്നു. കടമ്പനാട് വലിയപള്ളിയുടെ വടക്കേഭിത്തിയില്‍ മുനിയച്ചന്റെ തലക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here