അയ്യപ്പഭക്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍; അപകടമരണമെന്ന് സ്ഥിരീകരിച്ച് പൊലീസ്

0
11

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ചാണ് ഹര്‍ത്താല്‍. ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്നാണ് ശിവദാസന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ശിവദാസന്റേത് അപകട മരണമാണെന്നാണ് പൊലീസ് അറിയിച്ചത്. ഒക്ടോബര്‍ 18 ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25 ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 19 ന് വീട്ടിലേക്ക് വിളിച്ചതിന് ശേഷം പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

നിലയ്ക്കലില്‍ നടന്ന പൊലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചു. പൊലീസ് ലാത്തി ചാര്‍ജ് ഭയന്ന് ഓടിയാണ് ശിവരാജന്‍ കാട്ടില്‍ അകപ്പെട്ടതെന്നാണ് ആരോപണം. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

എന്നാല്‍ ഒക്ടോബര്‍ 16, 17 തീയതികളിലായിരുന്നു നിലയ്ക്കലിലെ പൊലീസ് നടപടി. പൊലീസ് നടപടിയെ തുടര്‍ന്ന് ഇയാളെ കാണാതായി എന്ന പ്രചാരണം ശരിയല്ല. പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. അതിനാല്‍ തന്നെ പൊലീസ് നടപടിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചയാളുടെ മോട്ടര്‍സൈക്കിള്‍ ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായതെന്ന ചോദ്യവും ഉയരുന്നു. 18 ന് രാവിലെ 8.30 ഓടു കൂടിയാണ് ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് മകന്‍ ശരത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എല്ലാ മലയാള മാസം ഒന്നാംതീയതിയും ശിവദാസന്‍ ദര്‍ശനത്തിനായി പോകാറുണ്ട്. 19 ന് രാവിലെ ശിവദാസന്‍ ഭാര്യയെ വിളിച്ച് സന്നിധാനത്ത് തൊഴുതിട്ട് നില്‍ക്കുകയാണെന്ന് പറഞ്ഞു. ഏതോ തമിഴ്നാട്ടുകാരുടെ ഫോണില്‍ നിന്നാണ് വിളിച്ചുപറഞ്ഞത്. എല്ലാ പ്രാവശ്യവും ശബരിമലയ്ക്ക് പോയി മൂന്നു ദിവസത്തിനുള്ളില്‍ ഇയാള്‍ തിരിച്ചുവരുന്നതാണ്.

ശിവദാസന്‍ മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് പമ്പയിലും നിലയ്ക്കലിലും ളാഹയിലും സന്നിധാനത്തുമെല്ലാം കുടുംബക്കാര്‍ അന്വേഷിച്ചിരുന്നു. ശിവദാസന്‍ ലോട്ടറി എടുക്കുന്ന കടയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശബരമില ദര്‍ശനത്തിന് പോകുമ്പോള്‍ ശിവദാസന്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. ലോട്ടറി കച്ചവടം നടത്തിയാണ് ജീവിതം കഴിക്കുന്നത്. ക്ഷേത്രങ്ങളില്‍ വിളക്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നു. ഭാര്യയും ഒരുമകനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here