ചക്കുളത്ത്കാവ് പൊങ്കാല നാളെ: പ്രാര്‍ത്ഥനയോടെ ആയിരങ്ങള്‍

0
38

തിരുവല്ല: ചക്കുളത്തുകാവില്‍ നാളെ പൊങ്കാല നിവേദ്യവുമായി ഭക്തസഹസ്രങ്ങള്‍ നിരക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും ഒന്നാകും. ചക്കുളത്തുകാവിലേക്കുള്ള വഴിയായ വഴിയെല്ലാം ഇഷ്ടികയടുപ്പുകള്‍ നിറഞ്ഞു.
നീരേറ്റുപുറം മുതല്‍ തിരുവല്ല, മുത്തൂര്‍, കറ്റോട്, പൊടിയാടി, മാവേലിക്കര, കിടങ്ങറ, എടത്വ തുടങ്ങി എല്ലാ റോഡുകളിലും പൊങ്കാലക്കലങ്ങളാണ്. ശര്‍ക്കരപ്പായസം, വെള്ളച്ചോറ്, പാല്‍പ്പായസം. നിവേദ്യങ്ങള്‍ ഓരോ തരത്തിലാണ്. ഇന്നലെ ക്ഷേത്രദര്‍ശനത്തിനു തിരക്കു പതിവിലധികമായിരുന്നു. നേരത്തെ സൗകര്യ പ്രദമായി പൊങ്കാല അടുപ്പ് വയ്ക്കുവാന്‍ സാധിച്ച സംതൃപ്തിയിലാണ് ഭക്തര്‍.
. ഗണപതിക്കൊരുക്കിനു മുന്നില്‍ കത്തിച്ച വിളക്ക്. അതിനു മുന്നില്‍ അടയും മോദകവും. പൊങ്കാല അടുപ്പിനു മുകളില്‍ പുത്തന്‍കലം കോലംവരച്ചു വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കായി കാതോര്‍ത്തു നില്‍ക്കുന്നു. പല സംഘടനകള്‍ സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. 17 വര്‍ഷമായി തിരുവനന്തപുരത്തു നിന്നെത്തി ആയിരക്കണക്കിനു ഭക്തര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ശെല്‍വരാജും സംഘവും ഇക്കുറിയും തലവടി പഞ്ചായത്ത് ജങ്ഷനു സമീപം ഭക്ഷണം തയാറാക്കിയിട്ടുണ്ട്.
ക്ഷേത്രസമിതി, സേവാഭാരതി, വിവിധ സന്നദ്ധസംഘടനകളും രാവിലെ മുതല്‍ സൗജന്യഭക്ഷണം നല്‍കും. ഇന്നു പൊങ്കാല കഴിഞ്ഞു മടങ്ങുന്നവര്‍ക്കും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പൊങ്കാല കഴിയുന്നതുവരെ പുരുഷന്മാര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശനമില്ല. തിങ്കളാഴ്ച മുതല്‍ വിവിധ ഭാഷകളില്‍ പൊങ്കാല അറിയിപ്പു നല്‍കുന്നുണ്ട്. ശ്രീകോവിലില്‍ നിന്നു മൂലബിംബത്തോടൊപ്പം കൊടിവിളക്കില്‍ കത്തിച്ചെടുക്കുന്ന ദീപം കൊടിമരച്ചുവട്ടിലെ പണ്ടാര പൊങ്കാലയടുപ്പിനു സമീപം വാദ്യ മേളങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ മേല്‍ശാന്തി എത്തിക്കുന്നതോടെ പൊങ്കാലച്ചടങ്ങുകള്‍ ആരംഭിക്കും. വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കു ശേഷം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല നിവേദ്യത്തിനുള്ള ആദ്യ മൂന്നുപിടി ഉണക്കലരി ഇടും. വിശിഷ്ടാതിഥികളും ഭക്തരും അരിപകരും.
നറുനെയ്ത്തിരിയില്‍ നിലവറ ദീപം കൊളുത്തി പണ്ടാരയടുപ്പില്‍ അഗ്നിപകരും.പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാനമണ്ഡപ സമര്‍പ്പണവും ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിക്കും. ഇവിടെനിന്നു പകരുന്ന ദീപം മറ്റു പൊങ്കാല അടുപ്പുകളിലേക്കു പടരും. പതിനൊന്നു മണിയോടെ 41 ജീവതകളിലായി ദേവീ ചൈതന്യം പൊങ്കാല തളിക്കുന്നതിന് എഴുന്നള്ളും. ഉച്ച ദീപാരാധനയോടെ ചടങ്ങുകള്‍ സമാപിക്കും. വൈകിട്ടു പ്രസിദ്ധമായ കാര്‍ത്തികസ്തംഭം കത്തിക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. യുഎന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്‌നി പകരും.

LEAVE A REPLY

Please enter your comment!
Please enter your name here