ബൈപാസ് നിര്‍മ്മാണം പാതിവഴിയില്‍; യാത്രാക്കുരുക്കഴിയാതെ തിരുവല്ല

0
22
നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച തിരുവല്ല ബൈപാസിന്റെ ഫ്‌ളൈ ഓവര്‍

തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാകുമ്പോള്‍ തിരുവല്ലക്കാര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമാണ് എന്ന് തീരും തിരുവല്ല ബൈപാസ് നിര്‍മ്മാണം? ബൈപാസിന്റ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞങ്കിലും നിര്‍മ്മാണ നടപടിക്രമങ്ങള്‍ക്ക് പ്രവചനാതീതമായ കാലതാമസം ആണ് ഉണ്ടാക്കുന്നത്.
ബൈപാസിന്റെ പുതുക്കിയ നിര്‍മ്മാണ ടെന്‍ഡര്‍ ഉടന്‍ എന്ന് കെ എസ് ടി പി അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിര്‍മ്മാണ പൂര്‍ത്തികരണത്തിന് തിരുവല്ലാക്കാര്‍ ഇനി എത്ര നാള്‍ കാത്തിരിക്കണമെന്നത് പ്രവചനാതീതം. വന്‍ വാഹനക്കുരുക്കിന് ഇടയാക്കുന്ന നഗരത്തിലെ ഗതാഗതത്തിന് സഹായകരമാകുമെന്ന് കരുതിയ ബൈപ്പാസാണ് കഴിഞ്ഞ രണ്ട ദശകമായി എങ്ങുമെത്താതെ കിടക്കുന്നത്. സര്‍ക്കാരുകള്‍ മാറുന്ന മുറയ്ക്ക് ബൈപാസ് പ്രഖ്യാപനങ്ങള്‍ ഇടതടവില്ലാതെ ഉണ്ടാകാറുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നതാണ് സത്യം. എംസി റോഡില്‍ തിരുവല്ല നഗരം ഒരു വാഹനം പിന്നിടണമെങ്കില്‍ ഒരു മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയാണ് മിക്കപ്പോഴും. എം സി റോഡില്‍ മഴുവങ്ങാട് ചിറയില്‍ നിന്നും ആരംഭിച്ച് എം സി റോഡില്‍ രാമന്‍ചിറയില്‍ അവസാനിക്കുന്ന ബൈപാസിന്റെ മഴുവങ്ങാട് ചിറ മുതല്‍ ടി കെ റോഡില്‍ ബസോട്ടാ ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണം നടന്നിരുന്നു.

ഇവിടെ സ്വകാര്യ സ്റ്റാന്‍ഡിനു മുന്‍പില്‍ നിന്ന് ബസോട്ടാ വരെയുള്ള ഭാഗത്ത് ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധ റോഡിന്റെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഇ കെ കെ കണ്‍സ്ട്രക്ഷന്‍ കമ്പിനി ആയിരുന്നു നിര്‍മ്മാണം നടത്തിയിരുന്നത്. പതിനെട്ടു മാസം കൊണ്ട് ഉദ്ഘാടനം നടത്തും എന്ന് പറഞ്ഞിരുന്നെങ്കിലും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പിനി നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു. ബൈപാസ് അവസാനിക്കുന്ന രാമന്‍ചിറ മുതല്‍ ചിലങ്ക ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തല്‍ ഉപേക്ഷിച്ച് മേല്‍പാലം വേണം എന്നതും തിരുവല്ല ബൈപാസിനെ പെരുവഴിയില്‍ ആക്കി.
പുതിയ ടെന്‍ഡര്‍ നടപടികള്‍ ഉണ്ടായി 37.5 കോടി രൂപയാണ് വകയിരുത്തിയെങ്കിലും ബൈപാസ് നിര്‍മ്മാണം അനന്തമായി നീളുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നു കരുതിയ ബൈപ്പാസ് എന്നു തീരുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം മാത്രമാണ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here