നിരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു; നിസംഗതയോടെ കൃഷിവകുപ്പ്

0
15

സ്വന്തം ലേഖകന്‍

ആലപ്പുഴ :പുഞ്ചക്കൃഷി തുടങ്ങിയതോടെ നിരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു.അധികൃതര്‍ ക്ക് ആകട്ടെ നിസ്സംഗതയും.പരിണിതഫലം മാരകരോഗങ്ങള്‍ക്ക് കീഴടങ്ങിയ ജീവിതവും. നിരോധിതമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടും നടപടിയെടുക്കാത്ത കൃഷിവകുപ്പിനെതിരെ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തി. കൃഷിഭവന്‍മേഖല,ജില്ലാ,സംസ്ഥാനം എന്നീ തലങ്ങളില്‍ ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടറന്‍മാര്‍ സജീവമായിരംഗത്തുണ്ടായിട്ടും നിരോധിത കീടനാശിനിയുടെ ഉപയോഗം ദിനംപ്രതിയെന്നോണം വര്‍ദ്ധിക്കുകയാണ്.പരാതിക്കാരെതൃപ്തിപ്പെടുത്താന്‍ ചിലവളക്കടകളില്‍ പരിശോധന നടത്തി തടിതപ്പുകയാണ് ഉദ്ദ്യോഗസ്ഥര്‍ ചെയ്യുന്നത്.മൃഗസംരക്ഷണം,ആരോഗ്യം തുടങ്ങിയമേഖലകളിലും കീടനാശിനികള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.ജൈവവും,അജൈവവുമായ നിരവധി കീടനാശനികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ തീരുമാനപ്രകാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ച ആല്‍ഡ്രിന്‍,ഡയല്‍ഡ്രിന്‍,ക്ലോര്‍ഡേന്‍, ഹെപ്റ്റാക്കോള്‍,എന്‍ഡ്രിന്‍ മരുന്നുകള്‍പോലും പലരൂപത്തിലും ഭാവത്തിലും കര്‍ഷകരില്‍വിറ്റഴിക്കുന്നുണ്ട്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാണെന്ന് മാത്രം.

ലോകത്ത് ആകമാനം1600 കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്.ഇന്ത്യയില്‍ 150ലേറെ കീടനാശിനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഉപയോഗികുന്നതാകട്ടെ 50% വും. രാജ്യമൊട്ടുക്ക് ബാധകമായ കീടനാശിനി നിയമത്തിലെ വ്യവസ്ഥാപിത ചട്ടങ്ങളെല്ലാം തന്നെ കേരളത്തില്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഈ ചട്ടങ്ങളുംനിയമങ്ങളുംമറികടന്നാണ് നിരരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്.കീടനാശിനികളുടെ കുപ്പികളിലും പാക്കറ്റുകളിലുംവിഷം എന്ന് പ്രാദേശികഭാഷയില്‍ വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തണമെന്നനിയമം കാറ്റില്‍പറത്തിയിരിക്കുകയാണ്.അതുപോലെ കീടനാശിനികുപ്പികളിലും,പാക്കറ്റുകളിലുംവിഷ തീവ്രതയുടെഅടിസ്ഥാനത്തില്‍ചുവപ്പ്,മഞ്ഞ,നീല,പച്ച നിറത്തിലുള്ള പ്രതലംപ്രാധാന്യത്തോടെഅച്ചടിക്കണമെന്നും വ്യവസ്ഥയുണ്ട്.ഇതൊന്നുംതന്നെ ഇവിടങ്ങളില്‍ നടക്കുന്നില്ലെന്നതാണ് സത്യം. കീടനാശിനി നിയമം നടപ്പിലാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം. കൃഷിവകുപ്പിനാണ്.കൃഷിവകുപ്പിലെ സാങ്കേതിക ബിരുദധാരികളായ കൃഷിഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാരായി പ്രവര്‍ത്തിക്കണമെന്നാണ് ചട്ടം. തങ്ങളുടെ മറ്റ് ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേയാണ് കൃഷി ഓഫീസര്‍മാര്‍ ഈ ചുമതല നിര്‍വഹിക്കേണ്ടത്. ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാരുടെ മാത്രം ചുമതല നിര്‍വഹിക്കുന്നതിനായി മേഖലാടിസ്ഥാനത്തില്‍ നാല് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും (ക്വാളിറ്റി കണ്‍ട്രോള്‍) സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കീടനാശിനികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദനവിതരണ വില്‍പന കേന്ദ്രങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിപ്പിക്കുന്നതിനും ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനുപുറമെ കൃഷി ഓഫീസര്‍മാര്‍ തങ്ങളുടെ കൃഷി ഭവനു കീഴിലുള്ള എല്ലാ കീടനാശിനി വില്‍പനശാലകളും എല്ലാ മാസവും നിര്‍ബന്ധമായും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് വ്യവസ്ഥ യുണ്ട്. ഡിപ്പോകളിലെ സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി തയാറാക്കി സൂക്ഷിക്കുവാനും സ്റ്റോക്ക്, വില വിവര പട്ടിക ശരിയായി പ്രദര്‍ശിപ്പിക്കുവാനും കര്‍ഷകര്‍ക്ക് കൃത്യമായി ക്യാഷ് ബില്‍ നല്‍കുവാനും കീടനാശിനി വില്‍പനക്കാര്‍ നിര്‍ബന്ധിതരാകണമെന്നവ്യവസ്ഥയുംപാലിക്കപ്പെടുന്നില്ല. കീടനാശിനി കമ്പനികള്‍ കര്‍ഷകരുമായി ചേര്‍ന്ന് വിള പരീക്ഷണങ്ങളും ഡെമോണ്‍സ്ട്രേഷനുകളും നടത്തുന്നതും കര്‍ഷക സമിതികള്‍ക്കും മറ്റും നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട് .എന്നിട്ടും നിരോധനത്തെമറികടന്ന് ഈ ചടങ്ങുകള്‍ യഥേഷ്ടം നടക്കുന്നുണ്ടെന്നുള്ളതാണ് സത്യം.നിയന്ത്രിത കീടനാശിനികള്‍ക്ക് കൃഷി ഓഫീസറുടെ ശുപാര്‍ശ നിര്‍ബന്ധമാണ്.കീടനാശിനി ഡിപ്പോകളില്‍ നിന്നും എല്ലാത്തരം കീടനാശിനികളും വില്‍പന നടത്തുന്നതിന് കൃഷിഓഫീസറുടെ റാങ്കില്‍ കുറയാത്ത സാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടി നിര്‍ബന്ധമാക്കിക്കൊണ്ട് 2011 ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അത് നടപ്പിലായിരുന്നില്ല. പിന്നീട് 2015 ല്‍ ഈ നിബന്ധന നിയന്ത്രിത കീടനാശിനികള്‍ക്ക് മാത്രമായി ചുരുക്കി ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാല്‍ അതും പ്രാവര്‍ത്തികമായില്ലെന്നുള്ളതാണ് വസ്തുത. കീടനാശിനി കമ്പനികളുടെ വ്യാപകമായ എതിര്‍പ്പ് തന്നെയായിരുന്നു കാരണം. ഇത് വകവയ്ക്കാതെയാണ് നിയന്ത്രിത കീടനാശിനികള്‍ക്ക് കൃഷി ഓഫീസറുടെ ശുപാര്‍ശക്കുറിപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കൃഷിവകുപ്പ് ഇപ്പോള്‍ കര്‍ശനമായി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് കൃഷി ഓഫീസറുടെ ശുപാര്‍ശ പ്രകാരം കര്‍ഷകര്‍ക്കു വില്‍ക്കുന്ന നിയന്ത്രിത കീടനാശിനികളുടെ വിവരങ്ങള്‍ ഡിപ്പോകളില്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതാണ്. അനധികൃത വില്‍പന കണ്ടെത്തിയാല്‍ ലൈസന്‍സ് ഉടനടി റദ്ദാക്കും. ഇത്തരം കീടനാശിനികള്‍ വലിയ തോതില്‍ ഡിപ്പോകളില്‍ സ്റ്റോക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ ഉപയോഗിച്ച് കൃഷിചെയ്യുന്ന കര്‍ഷകരും കുറ്റക്കാരാകും..ഇന്‍ഡ്യയില്‍ ആദ്യമായികീടനാശിനിദുരന്ത മുണ്ടായത് 1958ല്‍ കേരളത്തിലാണ്. ഭക്ഷ്യധാന്യം കയറ്റിവന്ന ഫോളിഡോള്‍ എന്നകീടനാശിനിപാക്കറ്റ്‌പൊടി ഭക്ഷ്യധാന്യങ്ങളുമായി കൂടികലര്‍ന്നഭക്ഷണംകഴിച്ച് 102പേര്‍മരിക്കുകയും828പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്ക്കുയുംചെയ്തിരുന്നു.നിരോധിതകീടനാശിനികള്‍ നെല്‍ച്ചെടികളില്‍ തളിക്കുകയും ഭക്ഷ്യധാന്യമാകുന്നതോടെ ആഹാരമായി ഉപയോഗിക്കുകയുംചെയ്യുന്നവര്‍ കാലക്രമേണ മാരകരോഗങ്ങള്‍ പിടിപെടാനും പിന്നീട് മരണത്തിന് കീഴടങ്ങാനുമാണ് സാധ്യത.അതിനാല്‍ നിരോധിതകീടനാശിനിവിതരണം നിര്‍ത്തലാക്കാന്‍ കൃഷിവകുപ്പ് കര്‍ശനനടപടിസ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here