കുട്ടനാട്ടില്‍ നെല്‍പ്പാടങ്ങളില്‍ മത്സ്യക്കുളങ്ങളും കെട്ടിടങ്ങളും; കണ്ണടച്ച് അധികൃതര്‍; വയലുകള്‍ ഓര്‍മകളിലേക്ക്

0
453
വീയപുരം നിരണം റൂട്ടിലെ അച്ചന്‍ കോനാരിപ്പാടം നികത്തിയ നിലയില്‍.

ആലപ്പുഴ : നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വയല്‍ നികത്തല്‍ തകൃതിയായി നടക്കുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മേഖലളില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. വീയപുരം,എടത്വ,നിരണം,കടപ്ര,തലവടി,രാമങ്കേരി എന്നിവിടങ്ങളില്‍ ഇപ്പോഴും നികത്ത് നടക്കുന്നുണ്ട്. ആരാധനാലയം,പാര്‍ട്ടി ആഫീസുകള്‍,ആഡിറ്റോറിയം എന്നിവയുടെ പേരിലും നികത്തലുകള്‍ സജീവമാണ്.
മിക്കബഹുനിലകെട്ടിടങ്ങളും,റസ്റ്റോറണ്ടുകളും വ്യാപാരസ്ഥാപനങ്ങളും ഇത്തരത്തില്‍ നിര്‍മ്മിച്ചവയാണ്.ഏ.സി റോഡിന് സമാന്തരമായ പാടശേഖരങ്ങള്‍ ഇതിന് നേര്‍സാക്ഷിയാണ്. അതുപോലെ ഉള്‍പ്രദേശങ്ങളും. അനധികൃത നികത്തലിനെതിരെ നിരവധികേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒന്നിനും നടപടിയുണ്ടായിട്ടില്ല. പാടശേഖരത്തിന് രൂപംമാറ്റം വരുത്തി മീന്‍വളര്‍ത്തലിന് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടികൃഷിവകുപ്പ് ജില്ലാ കലക്ടര്‍ക്കും ആര്‍.ഡി.ഒയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ ചില കേസുകളില്‍ പാടശേഖരം പഴയരീതിയില്‍ പുനഃസ്ഥാപിക്കാന്‍ വിധിയുണ്ടായെങ്കിലും നടപ്പായിട്ടില്ല. പാടശേഖരത്ത് അനധികൃതമായി മണ്ണിട്ടുനികത്തി കെട്ടിടനിര്‍മാണം നടത്തുകയും പാടശേഖരം കുഴിച്ച് മണ്ണുനീക്കി കുളം നിര്‍മിക്കുകയുമൊക്ക ചെയ്യുന്ന ജോലികളാണ് നടത്തുന്നതെന്ന് നാട്ടുകാരും പറയുന്നു. വയല്‍ നികത്തുന്നതിന്റെ ആദ്യപടിയായി പലയിടത്തും ചെറിയതോതില്‍ മണ്ണിട്ട് നികത്തുകയാണ് ചെയ്യുക. വീട് നിര്‍മ്മാണത്തിനായി അഞ്ച് സെന്റ് സ്ഥലം വരെ നികത്താമെന്ന ഉത്തരവിന്റെ മറവിലാണ് പലരും നിലം നികത്തുന്നത്. എന്നാല്‍ ഇങ്ങനെ നികത്തിയ സ്ഥലങ്ങളിലൊന്നും ഇതുവരെ വീട് നിര്‍മ്മാണം നടന്നിട്ടില്ല.എന്നുമാത്രമല്ല വീടും ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരാണ് വീട് നിര്‍മാണം ആവശ്യപ്പെട്ട് നികത്തിലിന് അപേക്ഷകൊടുത്തിരിക്കുന്നത്. മറ്റൊരാളുടെ പേരില്‍ വസ്തുവിന്റെ ആധാരം എഴുതി നല്‍കി നികത്താനുള്ള അനുവാദം വാങ്ങുകയുംപിന്നെ ഈ ആധാരംതിരികെ തിരുത്തിവാങ്ങുന്നസംഘങ്ങളും ഇവിടങ്ങളിലുണ്ട്.പാടശേഖരം നികത്തി അനുമതി ഇല്ലാതെ വീടു നിര്‍മാണം നടത്തുന്നുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അധികൃതര്‍ പലതവണ നിര്‍ത്തിവയ്ക്കല്‍ നോട്ടിസ് നല്‍കിയ പ്രവൃത്തിയാണ് ഇപ്പോഴും നടക്കുന്നത്. റോഡ് അരികുകളിലുള്ള പാടശേഖരങ്ങളില്‍ രാത്രി ടിപ്പര്‍ ലോറികളില്‍ മണ്ണെത്തിച്ച് പാടത്തു തള്ളുന്നു. ചില പ്രദേശങ്ങളില്‍ തെങ്ങുകൃഷിക്കു വേണ്ടി നിലം നികത്തുകയാണ് ചെയ്യുന്നത്. നിലം നികത്തി ചിറകെട്ടുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. എന്നാല്‍ നെല്‍വയല്‍ ഇത്തരത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. പക്ഷേ, ചട്ടലംഘനം നടന്നിട്ടും നടപടി സ്വീകരിക്കാന്‍ മടിക്കുകയാണ് അധികൃതര്‍.
കര്‍ഷകരുടെ എതിര്‍പ്പും പരാതികളുമുണ്ടായിട്ടും പാടശേഖരത്ത് കുളം നിര്‍മിച്ചു മീന്‍ വളര്‍ത്തലും നടത്തുന്നു. ചിറപിടിക്കാനെന്ന പേരിലാണ് അപ്പര്‍കുട്ടനാട്ടില്‍ ആദ്യം പാടം പരിവര്‍ത്തനം നടത്തുന്നതെന്നു പാടശേഖര സമിതികള്‍ പറഞ്ഞു. പലഭാഗത്തും അനധികൃതമായി പാടങ്ങള്‍ രൂപമാറ്റം വരുത്തി മത്സ്യക്കുളങ്ങള്‍ നിര്‍മിക്കുകയും ചിറപിടിച്ച് മറ്റു കൃഷികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏറെനാള്‍ കൃഷിചെയ്യാതെ പാടം തരിശിട്ടശേഷം പതിയെ പാടത്തിനു രൂപമാറ്റം വരുത്തുകയാണ് പതിവ്.
കൃഷി ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യുവകുപ്പ് എടുക്കുന്ന നടപടി പാടശേഖരങ്ങളില്‍ നടത്തിയിരിക്കുന്ന നിര്‍മാണ പ്രവൃത്തികളും നികത്തിയിരിക്കുന്ന മണ്ണും നീക്കം ചെയ്യാന്‍ ഉടമയ്ക്കു നോട്ടിസ് നല്‍കലാണ്. ഇതിന് ഉടമ തയാറായില്ലെങ്കില്‍ റവന്യുവകുപ്പ് പിഴ ഈടാക്കി അനധികൃത പ്രവൃത്തികള്‍ നീക്കം ചെയ്യും. എന്നാല്‍ ഇതിനെതിരെ നിലം ഉടമകള്‍ കോടതിയെ സമീപിക്കുന്നതോടെ നടപടികള്‍ നീണ്ടുപോകുന്ന സ്ഥിതിയാണ്.
2006ല്‍ വി.എസ്സിന്റെ ഭരണകാലത്താണ് നെല്‍പ്പാടങ്ങളുംതണ്ണീര്‍തടങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമംപാസ്സാക്കുന്നത്. കുട്ടനാട്ടില്‍ തന്നെ വി.എസിന്റെ നേതൃത്വത്തില്‍ നിലംനികത്തിലിനെതിരെ’ വെട്ടിനിരത്തല്‍ സമരവും ‘അരങ്ങേറിയിരുന്നു.പാര്‍ട്ടിയിലെ ഗ്രൂപ്പിസും വെട്ടിനിരത്തലിന് തടസ്സമായി.കാലാകാലങ്ങളിലുണ്ടാകുന്ന ചിലനിയമഭേദഗതികള്‍ നികത്തിലിന് അനുകൂലമാക്കിയെടുക്കുന്നതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മണല്‍മാഫിയ കൂട്ടിന് കഴിയുന്നു.ഈ കൂട്ടുകെട്ട് പ്രകൃതിയുടെസന്തുലിതാവസ്ഥക്കും കേരളത്തിന്റെ ഭക്ഷ്യസുരക്ഷക്കുംവരെഭീഷണിയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here