അടുക്കളവാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി മോഷ്ടാവ് സ്വര്‍ണവും പണവും കവര്‍ന്നു

0
50
വിനോദിന്റെ വീടിന്റെ അലമാര കുത്തിത്തുറന്ന നിലയില്‍.

തുറവൂര്‍: കുത്തിയതോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം. കോടംതുരുത്ത് അഭിരാമം വീട്ടില്‍ വിനോദിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16.5 പവന്‍ ആഭരണവും 17,000 രൂപയും നഷ്ടമായി. വിനോദും ഭാര്യയും ഭാര്യയുടെ അമ്മയും കിടന്നുറങ്ങിയ രണ്ട് മുറികളിലെ അലമാരകളില്‍നിന്നാണ് സ്വര്‍ണവും പണവും മോഷണം പോയത്. രാവിലെ വീടിന്റെ അടുക്കളവാതില്‍ തുറന്നുകിടക്കുന്നതു കണ്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്.
പുലര്‍ച്ചേ രണ്ടിന് കോടംതുരുത്ത് മുന്‍ പഞ്ചായത്ത് അംഗം ആളൂരാന്‍വീട്ടില്‍ ജയകുമാറിന്റെ വീട്ടില്‍ മുന്‍വാതില്‍ പൊളിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടിമറഞ്ഞു. ഇവരാകാം മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു,
കഴിഞ്ഞദിവസം പാട്ടുകുളങ്ങരയില്‍ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് കയറിയ മോഷ്ടാക്കള്‍ നാലുപവന്‍ ആഭരണം കവര്‍ന്നു. മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നു.
പാട്ടുകുളങ്ങര ശ്രീനിലയത്തില്‍ പ്രമോദിന്റെ വീട്ടില്‍നിന്നാണ് മാല കവര്‍ന്നത്. സമീപത്തുള്ള കോങ്കേരിവെളി നിഷാദിന്റെ വീട്ടിലെ അടുക്കളവാതില്‍ കുത്തിപ്പൊളിക്കുന്നതിനിടെ നിഷാദിന്റെ അച്ഛന്‍ സെയ്തുമുഹമ്മദ് എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ മോഷ്ടാവ് മാരകായുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു.
ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാവ് ഇരുട്ടില്‍ ഒളിച്ചു. കുത്തിയതോട് പോലീസ് എത്തി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരുമാസം മുമ്പാണ് തുറവൂരിലെ വീടുകളില്‍ മോഷണശ്രമം നടന്നത്.
മോഷണം തുടര്‍ക്കഥയായതോടെ ജനം ഭീതിയിലാണ്. പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതിനാല്‍ സ്വന്തംനിലയ്ക്ക് ആളുകള്‍ രാത്രികാല പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും സംശയകരമായ സാഹചര്യത്തില്‍ ആരെക്കണ്ടാലും പോലീസിനെ വിവരമറിയിക്കണമെന്നും കുത്തിയതോട് സി.ഐ.ദിലീപ് ഖാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here