നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: സേലത്തെ കമ്പനി കബളിപ്പിച്ചത് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളെ; ലക്ഷങ്ങള്‍ തട്ടിയെടുത്തു

0
8

തിരുവല്ല ; സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി കബളിപ്പിക്കപ്പെട്ടത് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍. ഏറെയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള നഴ്‌സുമാര്‍. കുവൈറ്റ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സേലത്ത് പ്രവര്‍ത്തിക്കുന്ന അനുഷ് എന്ന കണ്‍സള്‍ട്ടന്‍സിക്കെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്.

പലരും കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് ഈ തുക നല്‍കിയത്. പണം കൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാകുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സമര്‍ത്ഥമായി കബളിപ്പിച്ചത്.
Lic.B-0181/TN/PER/1000+/5/8829/2012 എന്ന ലൈസന്‍സ് നമ്പറാണ് ഇതിനായി ഇവര്‍ നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അംഗീകാരമുള്ള 1238 റിക്രൂട്ടിംഗ് ഏജന്‍സികളുടെ പേര് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഇത്തരം ഒരു സ്ഥാപനത്തിന്റെ പേരില്ല. ഒരുപക്ഷേ, ആദ്യ ഘട്ടത്തില്‍ ലൈസന്‍സ് എടുത്തിരുന്നെങ്കില്‍ തന്നെയും പിന്നെയത് പുതുക്കിയിട്ടില്ലെന്ന് സാരം. പക്ഷേ, ഈ പേരില്‍ ഇപ്പോഴും നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ചതിക്കപ്പെടുന്നത്.

ജോലി ആവശ്യപ്പെട്ട് ബന്ധപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കാന്‍ മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ഇവരുടെ നെറ്റ് വര്‍ക്കിലുണ്ട്. പിന്നീട് വെബ് സൈറ്റ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടും. വെബ് സൈറ്റില്‍ കാണിച്ചിരിക്കുന്ന ലൈസന്‍സ് നമ്പര്‍ അടക്കമുള്ളവ ശ്രദ്ധയില്‍ പെടുന്നതോടെ പലരും ഇവരെ വിശ്വാസത്തിലെടുക്കും. ഏത് വിധേനയും വിദേശ ജോലി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ പണം കൈമാറാന്‍ തയ്യാറാകും. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള എന്‍.ജി.എസ് ജ്യൂവലറിയുടെയും കെ.പി എന്റര്‍ പ്രൈസസ് എന്ന സ്ഥാപനത്തിന്റെയും അക്കൗണ്ടിലേക്കാണ് പണം കൈമാറാന്‍ ആവശ്യപ്പെടുന്നത്. റസീപ്റ്റായി നല്‍കുന്നതാകട്ടേ, എ ഫോര്‍ വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്ത ഒരു ഒരു വൗച്ചറും ! സംശയം പ്രകടിപ്പിച്ചാല്‍ ‘ഇങ്ങനെ കൊടുക്കാനുള്ള പോളിസിയെ കമ്പനിക്ക് ഉള്ളു’ എന്ന് പറയും. ഇത്തരം ശുദ്ധ തട്ടിപ്പുകളില്‍ പെട്ടു പോയത് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പ്രബുദ്ധ മലയാളികളാണ്.

കുവൈറ്റ് എം.ഒ.എച്ച് ല്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഇവര്‍ റിക്രൂട്ട് ചെയ്ത ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അവിടെ ഹോം നഴ്‌സായി ജോലി നോക്കുകയാണ്. പലരും നാണക്കേട് കാരണം പുറത്ത് പറയാന്‍ പോലും തയ്യാറാകുന്നില്ല. പരാതിപ്പെടാന്‍ മുന്നോട്ട് വന്നവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും കുറവല്ല. ഏറ്റവും അവസാനം കഴിഞ്ഞ ആഴ്ച കൂടി നാല് ബി.എസ്.സി നഴ്‌സുമാരാണ് ഇവരുടെ ചതിയില്‍ പെട്ട് ഹോം നഴ്‌സായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാരും ലോക്കല്‍ പോലീസും ഗൂണ്ടകളുമാണ് ഇവരുടെ സഹായത്തിനായി രംഗത്തുള്ളത്. കാശ് മടക്കി ചോദിക്കുന്നവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കുകയാണ് പതിവ്. ചെക്ക് മടങ്ങുമ്പോള്‍ പരാതിപ്പെടാന്‍ വിളിച്ചാല്‍ ഭീഷണിയും അസഭ്യ വര്‍ഷവും! കേസുമായി മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചാല്‍, സന്ധിസംഭാഷണവുമായി ഫോണ്‍ കോളുകള്‍ എത്തും. അതിന് നിയോഗിക്കുന്നതാകട്ടേ മലയാളി ജീവനക്കാരെയും. അവസാനം ഡി.ഡി തരാം എന്ന വ്യവസ്ഥയില്‍ സമയം നീട്ടി ചോദിക്കും. ചിലര്‍ക്ക് വളരെ ചെറിയ തുക മടക്കി നല്‍കും.

ഇവരുടെ ഗൂണ്ടകളെ ഭയന്ന് ആരും സേലത്തുള്ള ഓഫീസില്‍ പോകാനും തയ്യാറാകുന്നില്ല. ലോക്കല്‍ പോലീസും ഈ തട്ടിപ്പ് സംഘത്തെ സഹായിക്കുന്നതിനാല്‍ പരാതിപ്പെട്ടിട്ടും കാര്യമില്ല. ഇവരുടെ ചതി മനസിലാക്കാതെ പ്രതിദിനം കബളിപ്പിക്കപ്പെടുന്നത് നിരവധി പേരാണ്.
അതേസമയം കുവൈറ്റ് എം.ഒ.എച്ചിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ സംവിധാനമായ നോര്‍ക്കക്ക് മാത്രമാണെന്ന് പലരും മനസിലാക്കുന്നില്ല. അതാണ് കൂടുതല്‍ ആളുകള്‍ ചതിയില്‍ പെടാനുള്ള കാരണവും.

LEAVE A REPLY

Please enter your comment!
Please enter your name here