മുല്ലയ്ക്കല്‍ ചിറപ്പ് തുടങ്ങി; നഗരം ഉത്സവ ലഹരിയില്‍

0
121
ചിറപ്പിനോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം ഒരുക്കിയിരിക്കുന്ന കൂറ്റന്‍
കമാനം രാത്രി വൈദ്യൂതപ്രഭയില്‍
മുങ്ങിയപ്പോള്‍
ചിത്രം: അനീഷ് ഭാന്‍ഷായ് മോഹന്‍

ആലപ്പുഴ:നഗരവീഥികളെ വര്‍ണാഭമാക്കി ആലപ്പുഴയുടെ ഉത്സവം മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിന് ഇന്നലെ തുടക്കമായി.ഭക്തിഗാനസുധയോടെയാണ് ആലപ്പുഴയുടെ സാംസ്‌കാരികോത്സവമായ ചിറപ്പിന് ദീപം തെളിഞ്ഞത്. 12 ദിവസം നീളുന്ന ഉത്സവം ഭീമയുടെ വകയായുള്ള ചിറപ്പോടെ 27ന് അവസാനിക്കും.
മുല്ലയ്ക്കല്‍ തെരുവിലെ വഴിയോരക്കച്ചവടമാണ് ചിറപ്പിന്റെ പ്രധാന ആകര്‍ഷണം. 20ന് കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനുകൂടി കൊടിയേറുന്നതോടെ ആലപ്പുഴ നഗരം രാവും പകലും തിരിച്ചറിയാത്തവിധം തെളിഞ്ഞുനില്‍ക്കും. രണ്ട് ക്ഷേത്രങ്ങളിലെയും ഉത്സവം നഗരത്തിന് വാണിജ്യോത്സവം കൂടിയാണ്. സീറോ ജങ്ഷന്‍മുതല്‍ കിടങ്ങാംപറമ്പ് ജങ്ഷന്‍വരെ വഴിവാണിഭക്കാര്‍ കൈയടക്കിക്കഴിഞ്ഞു. റോഡിനിരുവശവും ഇനി കിട്ടാത്തവയൊന്നുമുണ്ടാകില്ല. കരിവളയും കണ്‍മഷിയും മുതല്‍ കല്ലുരലും കറിക്കത്തികളുംവരെ വില്‍പ്പനയ്ക്ക് നിരക്കും.
ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വസ്തുക്കളുമായി നിരവധി കച്ചവടക്കാര്‍ എത്തിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുന്നതോടെ ചിറപ്പിന് എത്തുന്നവരുടെ എണ്ണം ഇരട്ടിയാകും. സ്വദേശികള്‍ക്കൊപ്പം വിദേശികളും ചിറപ്പിന്റെ മധുരം നുകരാന്‍ ഞായറാഴ്ചമുതല്‍തന്നെ എത്തിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഇടങ്ങളെല്ലാം ചിറപ്പ് മഹോത്സവത്തിന്റെ വരവറിയിച്ചുള്ള തോരണങ്ങളാല്‍ അലങ്കൃതമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here