ലേബര്‍ ബാങ്ക് പ്രഖ്യാപനത്തിലൊതുങ്ങി; തൊഴിലാളികളെ കിട്ടാനില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
66

കൊച്ചുമോന്‍ വീയപുരം
എടത്വ: കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ പുഞ്ച കൃഷി പുരോഗമിക്കവെ കൃഷി ജോലികള്‍ക്ക് തൊഴിലാളികളെ ലഭ്യമാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പ്രളയാനന്തര കുട്ടനാട്ടില്‍ കഷ്ട നഷ്ടങ്ങള്‍ മറന്ന് പുഞ്ചകൃഷിയിറക്കി ഒന്നര മാസം വരെ പിന്നിട്ടിരിക്കെ ഞാറ് പറിച്ചു നടുന്നതിനോ കള പറിക്കുന്നതിനോ തൊഴിലാളികളെ ലഭിക്കുന്നില്ല. ഒരേക്കറിലേക്ക് പത്ത് മുതല്‍ പതിനഞ്ച് വരെ തൊഴിലാളികളെയാണ് ആവശ്യമായി വരുന്നത്. വിതയിറക്കി ഇരുപത്തിയഞ്ച് ദിവസം പിന്നിടുന്നതോടെ പറിച്ചു നടണമെന്നിരിക്കെ ഒരു മാസം പിന്നിടുമ്പോഴും തൊഴിലാളികളെ മിക്ക കര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ല. അപ്പര്‍കുട്ടനാട്ടിലെ ചെറുതന ,വീയപുരം ,തകഴി, എടത്വാ, തലവടി, മുട്ടാര്‍ , നെടുമുടി ഉള്‍പ്പടെയുള്ള പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ലേബര്‍ ബാങ്ക് രൂപീകരിക്കുമെന്നും കുട്ടനാടന്‍ കര്‍ഷകരുടെ പ്രതിസന്ധിയായ തൊഴിലാളി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തിനാകട്ടെ പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എന്നാല്‍ ബാങ്ക് രൂപീകരിക്കുന്നതിനോ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനോ നടപടി സ്വീകരിച്ചില്ല. പരമ്പരാഗത തൊഴിലാളികളില്‍ അധികമാളുകളും കാര്‍ഷിക മേഖലയില്‍ നിന്നും പടിയിറങ്ങുന്നതാണ് തൊഴിലാളി ക്ഷാമത്തിന് കാരണമാകുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ അശാസ്ത്രീയമായ നടത്തിപ്പാണ് തൊഴിലാളി ക്ഷാമത്തിനുള്ള മറ്റൊരു കാരണം. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും കാര്‍ഷീക മേഖലയ്ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തീകമാക്കുമെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നാള്‍ക്കുനാള്‍ പ്രഖ്യാപനങ്ങള്‍ നടത്തും. എന്നാല്‍ അവസരത്തിനൊത്ത് തൊഴിലാളികളെ പ്രയോജനപ്പെടുത്താന്‍ ഇരു സര്‍ക്കാരുകളും നടപടി സ്വീകരിക്കാറില്ല.
കാര്‍ഷിക മേഖലയെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ കൊണ്ടുവരികയും കൃഷി മുന്നൊരുക്കങ്ങള്‍ മുതല്‍ വിതയിറക്കി രണ്ട് മാസം പിന്നിടുന്നത് വരെയുള്ള കാലയളവിലെ തൊഴിലുകള്‍ പദ്ധതിയിലൂടെ നടപ്പില്‍ വരുത്തുകയും ചെയ്താല്‍ കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് ശാശ്വതമായ പരിഹാരമാകും. ഓരോ വാര്‍ഡിലും തൊഴിലുറപ്പ് അംഗത്വ കാര്‍ഡുള്ള തൊഴിലാളികളുടെ എണ്ണം അന്‍പതിനും എഴുപതിനും ഇടയിലാണ് .
ഇവരെ അവശ്യ സമയങ്ങളില്‍ തൊഴിലുറപ്പ് ഗ്രാമസഭകള്‍ കൂടി കാര്‍ഷീക മേഖലയിലേക്ക് തിരിച്ചു വിടുകയും മറ്റു സമയങ്ങളില്‍ ഇതര തൊഴില്‍ മേഖലയിലേക്ക് വിടുകയും ചെയ്താല്‍ ഓരോ പഞ്ചായത്തിലേയും തൊഴിലാളി ക്ഷാമം പരിഹരിക്കപ്പെടും. അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മാത്രം. നിലവില്‍ വിളവെടുപ്പ് കഴിഞ്ഞാല്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചാല്‍ നീരൊഴുക്കിന് സജ്ജമാക്കി ബോര്‍ഡ് സ്ഥാപിക്കും.
ഈ പ്രവൃത്തി കാര്‍ഷിക മേഖലയ്ക്ക് യാതൊരു ഗുണവും ചെയ്യില്ല. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകരും പാടശേഖര സമിതികളും ആവശ്യപ്പെടുന്നു ‘

LEAVE A REPLY

Please enter your comment!
Please enter your name here