പുളിങ്കുന്നില്‍ സ്‌ഫോടനം: നാലുകടകള്‍ക്ക് നാശം

0
6
പുളിങ്കുന്നില്‍ സ്ഫോടനമുണ്ടായ കടയ്ക്കു സമീപം ചിതറിക്കിടക്കുന്ന വസ്തുക്കള്‍

പുളിങ്കുന്ന്: പുളിങ്കുന്നിലുണ്ടായ സ്‌ഫോടനത്തില്‍ നാലുകടകള്‍ നശിച്ചു. ആളപായമില്ല. ജങ്കാര്‍ കടവിനു സമീപം പാടിയത്തറ ലാലിച്ചന്റെ ലിയോ ഏജന്‍സിയുടെ പരിസരത്താണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ സ്റ്റുഡിയോ,ബേക്കറി, ഇരുമ്പുകട എന്നിവയ്ക്കും കേടുപാട് സംഭവിച്ചു. പുലര്‍ച്ചെയായതിനാല്‍ അധികമാളുകള്‍ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് അന്‍പതുമീറ്ററോളം ചുറ്റളവില്‍ ചില്ലുകളും കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡില്‍ ചിതറിത്തെറിച്ചു.
സ്‌ഫോടനത്തില്‍ ഐസ്‌ക്രീം പാര്‍ലറിന്റെ ഇരുമ്പു ഷട്ടറുകള്‍ പത്തുമീറ്ററോളം അകലേക്ക് തെറിച്ചുപോയി. സ്ഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. സ്‌ഫോടനമുണ്ടായതായി സംശയിക്കുന്ന കടയ്ക്കുള്ളില്‍ തീപ്പിടിത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിന്‍ഡറുകളും സുരക്ഷിതമാണ്.
ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു പോലീസും നാട്ടുകാരും. എന്നാല്‍, റോഡിലേക്ക് തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തെറിയുടെ ലക്ഷണങ്ങള്‍ പ്രകടമല്ല. റോഡില്‍ കിടന്നിരുന്ന വാഹനത്തില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുളിങ്കുന്ന് പോലീസ് പറയുന്ന പ്രാഥമികവിവരം.
എന്നാല്‍, കടയ്ക്കുമുന്നില്‍ വാഹനങ്ങളൊന്നുമില്ലെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here