ശബരിമല: തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു

0
3

പത്തനംതിട്ട: അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്ഥലങ്ങളിലും സ്വീകരണം നല്‍കും. ഇന്നു പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴു വരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങാനായി തങ്ക അങ്കി ദര്‍ശനത്തിന് വച്ചിരുന്നു.

രാവിലെ 7.18 ന് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ സജ്ജമാക്കിയിരുന്ന ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ പണികഴിപ്പിച്ച രഥത്തിലേക്ക് തങ്ക അങ്കി മാറ്റി. തുടര്‍ന്ന് ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും സായുധ പൊലീസ് സേനാംഗങ്ങളുടെയും അകമ്പടിയോടെ തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കര ദാസ്, എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാവിലെ ഏഴിന് ആറന്മുള കിഴക്കേ നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര മൂര്‍ത്തിട്ട, പുന്നംതോട്ടം, ചവുട്ടുകുളം, തിരുവഞ്ചംകാവ് വഴി 8.30 ന് തേവലശേരി ദേവീക്ഷേത്രത്തിലെത്തി. 9.30 ന് പുറപ്പെട്ട് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം കാരംവേലി, ഇലന്തൂര്‍ ഭഗവതിക്കുന്ന്, ഗണപതിക്ഷേത്രം വഴി നാരായണമംഗലം ശാസ്ത്രാ ക്ഷേത്രത്തിലെത്തി. ഇവിടുത്തെ ഉച്ചഭക്ഷണത്തിന് ശേഷം അയത്തില്‍, മെഴുവേലി, ഇലവുംതിട്ട, മുട്ടത്തുകോണം, കൈതവന, പ്രക്കാനം, ചീക്കനാല്‍, ഊപ്പമണ്‍ വഴി രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി ഒന്നാം ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി.

നാളെ പത്തനംതിട്ട, കടമ്മനിട്ട, കോട്ടപ്പാറ, മേക്കൊഴൂര്‍, മൈലപ്ര, കുമ്പഴ, പുളിമുക്ക്, വെട്ടൂര്‍, ഇളകൊള്ളൂര്‍, ചിറ്റൂര്‍മുക്ക്, കോന്നി വഴി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി രാത്രി തങ്ങും. 25ന് അട്ടച്ചാക്കല്‍, വെട്ടൂര്‍, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, റാന്നി, ഇടക്കുളം, വടശേരിക്കര, മാടമണ്‍ വഴി പെരുനാട് ക്ഷേത്രത്തിലും എത്തും. 26 ന് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് ഒന്നിന് പമ്പയില്‍ എത്തും. ഉച്ചകഴിഞ്ഞു മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ശരംകുത്തിയില്‍ എത്തും. ഇവിടെ നിന്നും ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. വൈകിട്ട് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27 ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും.

തങ്കഅങ്കി സ്പെഷല്‍ ഓഫീസര്‍ എസ്. അജിത് കുമാര്‍, ആറന്മുള ദേവസ്വം അക്കൗണ്ടന്റ് വി. അരുണ്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ വി. കൃഷ്ണയ്യര്‍, രാധാകൃഷ്ണന്‍ എന്നവര്‍ ഉള്‍പ്പെടുന്ന 25 അംഗ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തങ്കഅങ്കി രഥഘോഷയാത്ര. ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ 70 അംഗ പോലീസ് സംഘത്തിനാണ് തങ്കഅങ്കി രഥഘോഷയാത്രയുടെ സുരക്ഷാ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here