20 കോടിയുടെ പുനരുദ്ധാരണം: ചേരമാന്‍ ജുമാമസ്ജിദ് ലോകശ്രദ്ധയിലേക്ക്

0
40

കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിക്ക് ഭരണാനുമതി. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് പൗരാണികപ്രൗഢി നിലനിര്‍ത്തി പുനരുദ്ധരിക്കുക. ആദ്യകാലത്തെ കേരളീയ വാസ്തുശില്പമാതൃകയിലുള്ള പഴയപള്ളി (അകത്തേ പള്ളി) പുനര്‍നിര്‍മിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
1974 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് പഴയപള്ളിക്ക് ചുറ്റുമായി കോണ്‍ക്രീറ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടന്നിട്ടുള്ളത്. ഇത് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് പുതിയ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. വിലകൂടിയ മരങ്ങളും ഓടുകളും മറ്റും ഉപയോഗിച്ച് സ്ഥാപിതമായ പഴയപള്ളി എല്ലാ പൗരാണികപ്രൗഢികളും നിലനിര്‍ത്തി പുനരുദ്ധരിക്കും. മേല്‍ക്കൂരയിലെ കേടുപാടുകള്‍ തീര്‍ത്ത് കെട്ടിടം ബലപ്പെടുത്തുകയും നശിച്ചുപോയ ചുമരുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചനിലയിലുള്ള മേല്‍ക്കൂരയിലെ മരത്തിന്റെ വലിയ ബീം മാറ്റി സ്ഥാപിക്കും.ഇതോടൊപ്പം ഭൂഗര്‍ഭനിലകളോടുകൂടിയ നിസ്‌കാരഹാളിന്റെ പണിയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹല്ല് കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ടുള്ള ഓഫീസ് ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 6000 പേര്‍ക്കുവരെ ഒരേസമയം നിസ്‌കരിക്കാന്‍ കഴിയുന്നരീതിയിലാണ് ഇതിന്റെ നിര്‍മാണം.
20 കോടിയില്‍പ്പരം രൂപ ചെലവ് വരുന്ന പദ്ധതി നടപ്പാകുന്നതോടെ ചേരമാന്‍ ജുമാമസ്ജിദ് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റും. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here