തിരുവല്ലയില്‍ കര്‍ഷകരില്‍ ഒരാളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പൊലീസ് സര്‍ജന്‍

0
13

 

തിരുവല്ല: തിരുവല്ലയില്‍ കര്‍ഷകരില്‍ ഒരാളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പൊലീസ് സര്‍ജന്‍. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സര്‍ജന്‍ മൊഴി നല്‍കി. മരണം ആത്മഹത്യയാവാമെന്നും നിരീക്ഷണം.

മരിച്ച സനല്‍കുമാര്‍ കീടനാശിനി തളിക്കുമ്പോള്‍ മത്തായി ഈശോ കണ്ടുനില്‍ക്കുകയായിരുന്നു എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയത് കേസില്‍ വഴിത്തിരിവാകും. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സനലിന്റെയും മത്തായി ഈശോയുടെയും സമാനമായ മരണമാണോയെന്ന് വ്യക്തമാവുകയുള്ളു എന്നും പൊലീസ് സര്‍ജന്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മത്തായിയെ വായില്‍ നിന്ന് നുരയും പതയും വരുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മത്തായി ഈശോയും, സനല്‍ കുമാറും കീടനാശിനി ശ്വസിച്ച് മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. സനല്‍ കുമാര്‍ മാത്രമാണ് കീടനാശിനി ശ്വസിച്ച് മരിച്ചതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മത്തായി ഈശോയുടെ മരണത്തിലെ ദുരൂഹതത പുറത്തു വരേണ്ടതുണ്ട്. ഫോറന്‍സിക് സര്‍ജന്റെ മൊഴി പുറത്തുവന്നതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല സി.ഐ സന്തോഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here