മടിക്കൈയില്‍ ഇന്ത്യയിലെ ആദ്യ മാംസ സംസ്‌കരണ കോളേജ്

0
40

മടിക്കൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ച് മടിക്കൈയില്‍ മാംസ സംസ്‌കരണ യൂണിറ്റും പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടുത്തിയ കോളേജും വരുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലാണ് ഇതിനാവശ്യമായ ഭുമി കണ്ടെത്തിയത്.ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്‌കരണ കോളേജ് എന്ന പ്രത്യേകതയും ഇതിനുണ്ട്. വിദേശ കയറ്റുമതി ഉള്‍പ്പെടെ, മാംസ സംസ്‌കരണ രംഗത്ത് നിരവധി തൊഴില്‍ സാധ്യതകളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ ഇത്തരത്തിലുള്ള 29 ഗവ. അംഗീകൃത സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിയുള്ള കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെപ്പോലെയുള്ള കാര്‍ഷിക രീതികള്‍ അനുയോജ്യമല്ല. അതുകൊണ്ടു തന്നെ വേര്‍ട്ടിക്കല്‍ രീയിലുള്ള കൃഷിരീതിയാണ് ഒരുക്കുന്നത്. കൂടാതെ ലോകത്തി്ലെ തന്നെ ആദ്യത്തെ വേര്‍ട്ടിക്കല്‍ അതായത് അഞ്ചു തട്ടുകളിലായി മൃഗങ്ങളെ വളര്‍ത്തുന്ന ആകാശ വ്യവസായ ശാലയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ ആനിമല്‍ ഹെല്‍ത്ത് കോഡ് ഓഫ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നത്.
മൃഗസംരംക്ഷണ വകുപ്പിന്റെ സഹായത്തോടെ വടക്കന്‍ കേരളത്തില്‍, ആട്,പന്നി,കോഴി തുടങ്ങിയവയെ വളര്‍ത്തി മാംസ സംസ്‌കരണ യൂണിറ്റിലേക്ക് നല്‍കാവുന്നതോടെ വിപണി കണ്ടെത്താന്‍ കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ട ആവശ്യകതയും വരില്ല. കൂടാതെ അനന്തമായ തൊഴില്‍ സാധ്യതയാണ് ഇതുവഴി സൃഷ്ടിക്കാന്‍ സാധിക്കുക. വളര്‍ത്തു മൃഗങ്ങള്‍ക്കാവശ്യമായ തീറ്റകളുടെ ഉല്‍പ്പാദനം ,തീറ്റപ്പുല്‍ കൃഷി തുടങ്ങിയ രംഗത്തെല്ലാം കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുകയും ചെയ്യും. നിലവില്‍ വിദേശത്തേക്ക് ഇപ്പോള്‍ നടക്കുന്ന മാംസകയറ്റുമതി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കേരളത്തിലും മാംസ സംസ്‌കരണ യൂണിറ്റ് വരുന്നതോടെ വന്‍ വികസനകുതിപ്പ് സൃഷ്ടിക്കാന്‍ കഴിയും.കണ്ണൂര്‍ വിമാനത്താവളം വഴിയാണ് പ്രധാനമായും കയറ്റുമതി ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ലോജസ്റ്റിക് ഹബ്ബും വിമാനത്താവളത്തില്‍ ഒരുക്കുന്നതായിരിക്കും.
നിരവധി തൊഴില്‍ സാധ്യതകളും ഇതുവഴി തുറക്കാന്‍ സാധിക്കും. 2025 ഓടെ ഇന്ത്യയെ ഒരു മൃഗാധിഷ്ഠിത വ്യാവസായിക ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യവും ഇതിനു പിറകിലുണ്ടെന്ന് പ്രൊജക്ടിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ കൂടിയായ ശരത്ത് സോമന്‍ പറഞ്ഞു.
നിലവില്‍ മൂന്ന് മേഖലകളായാണ് പദ്ധതി കേരളത്തില്‍ തുടങ്ങുന്നത്. ജില്ലയില്‍ മാംസ സംസ്‌കരണ യൂണിറ്റും,കോളേജും,കോഴിക്കോട് വേങ്ങേരിയില്‍ പ്രൊജക്ട് ഹെഡ് ക്വാര്‍ട്ടേഴ്സും,ആലപ്പുഴയില്‍ റീജണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി പ്രവര്‍ത്തിക്കും. കൂടാതെ മറ്റു 11 ജില്ലകളില്‍ ബഫര്‍ സോണുകളും,140 നിയോജകമണ്ഡലങ്ങളില്‍ ഇംപ്ലിമെന്റിങ് റീജിയണ്‍സും ആരംഭിക്കും. 10 കോടി രൂപയാണ് പ്രാരംഭപ്രവ്യത്തികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്.പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ച് കിട്ടി. ഈ വര്‍ഷം തന്നെ ആദ്യഘട്ടമെന്ന നിലയില്‍ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. റവന്യൂമന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മടിക്കൈയില്‍ തന്നെ മാംസ സംസ്‌കരണ കോളേജും യൂണിറ്റും തുടങ്ങാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here