മൃഗവേട്ടയ്‌ക്കെത്തിയ രണ്ടുപേര്‍ വനപാലകര്‍ക്കുനേരേ തോക്കുചൂണ്ടി രക്ഷപ്പെട്ടു; മൂന്നുപേര്‍ അറസ്റ്റില്‍

0
11

റാന്നി: മൃഗവേട്ടയ്ക്കെത്തിയവരെ പിടികൂടാന്‍ ശ്രമിക്കവേ രണ്ട് പേര്‍ വനപാലകര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാത്തന്‍തറ സമാധാനത്തില്‍ സുനു ആനന്ദ്(36),മന്ദമരുതി വാവോലില്‍ സുരേന്ദ്രന്‍(60),വലിയകാവ് പാണ്ടിയയ്യത്ത് ബൈജു(40) എന്നിവരെയാണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട ബേബിച്ചന്‍, രഞ്ജു തോമസ് എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് റാന്നി റേഞ്ച് ഓഫീസര്‍ ആര്‍. അദീഷ് പറഞ്ഞു.

വെള്ളിയാഴ്ച പുലച്ചെ മൂന്നുമണിയോടെ ഇടമുറി-മന്ദമരുതി റോഡില്‍ പാലം ജങ്ഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 9.30-ന് കരികുളം വനമേഖലയില്‍ മൃഗവേട്ടയ്ക്ക് ആളെത്തിയതായി രഹസ്യവിവരം ലഭിച്ചതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു. അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

രാത്രിയിലും അന്വേഷണം തുടരവെയാണ് ഇവരെ കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ രണ്ടുപേരാണ് നാടന്‍തോക്കു ചൂണ്ടി സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. സ്‌കൂട്ടര്‍ കൊണ്ടിടിപ്പിക്കാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നാലെ ബൈക്കിലെത്തിയ മൂന്നുപേരെ വനപാലകര്‍ പിടികൂടി ചോദ്യം ചെയ്തു. ഇവര്‍ മൃഗവേട്ടയ്ക്കെത്തിയ സംഘത്തില്‍പെട്ടവരാണെന്ന് വ്യക്തമായെന്നും രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ പിടിയിലായവരില്‍നിന്നു ലഭിച്ചതായും റേഞ്ച് ഓഫീസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here