കോടികളുടെ അഴിമതി: ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനങ്ങളില്‍ ഇന്ധന തട്ടിപ്പ് വ്യാപകമെന്ന്

0
12

പി.സി.ബോസ്

പറവൂര്‍: ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വിഭാഗത്തിന്റെ വാഹനങ്ങളില്‍ ഇന്ധന തട്ടിപ്പിലൂടെയും ചെയ്യാത്ത അറ്റകുറ്റപണികളുടെ പേരിലും കോടികളുടെ അഴിമതിയെന്ന് ആരോപണം. ഇതിനെതിരെ ഡ്രൈവര്‍മാരും അവരുടെ സംഘടനയായ കേരള ഫയര്‍ സര്‍വീസ് ഡ്രൈവേഴ്‌സ് ആന്റ് മെക്കാനിക്കേഴ്‌സ് അസോസിയേഷനും പ്രതികരിച്ചിട്ടും നടപടി ഇല്ലത്രെ. സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍മാരുടെയും ജില്ലാ ഫയര്‍ ഓഫീസര്‍മാരുടെയും അറിവോടെയാണ് അഴിമതി അരങ്ങു തകര്‍ക്കുന്നത്
വാഹനങ്ങളുടെ ഇന്ധനക്ഷമത കുറച്ചുകാട്ടിയാണ് ഡീസല്‍ തട്ടിപ്പ്.ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് അഞ്ച് കിലോമീറ്റര്‍ ഓടുന്ന വാഹനം മൂന്ന് കിലോമീറ്റര്‍ ഓടുകയുള്ളുവെന്ന് രേഖപ്പെടുത്തും.300 ലിറ്റര്‍ ഡീസല്‍ പമ്പില്‍ നിന്നും അടിക്കുമ്പോള്‍ 400 ലിറ്ററിന്റെ ബില്ല് വാങ്ങും.കന്നാസുകളില്‍ ഡീസല്‍ ശേഖരിച്ച് വെക്കാറുണ്ട് .ഇതില്‍ നിന്നും വാഹനങ്ങളില്‍ എത്ര ഒഴിച്ചുവെന്നതിന് കണക്ക് ഉണ്ടാകാറില്ല. ഹൈറേഞ്ചിലെ ഇന്ധനക്ഷമത ചൂണ്ടിക്കാട്ടിയാണ് ഡീസല്‍ വെട്ടിപ്പ് നടത്തുന്നത്.
മറ്റ് വകുപ്പുകളില്‍ ഡ്രൈവര്‍മാര്‍ക്കാണ് ഡീസല്‍ അടിക്കല്‍, അറ്റകുറ്റപണി എന്നിവയുടെ ചുമതല .ഇവിടെ ഓഫീസര്‍മാരാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത് .ഡ്രൈവര്‍മാര്‍ക്ക് യാതൊരു പങ്കുമില്ല. അതേ സമയം കൃത്രിമം പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ തലയില്‍ വെച്ച് ഓഫീസര്‍മാര്‍ കൈമലര്‍ത്തും .ഫയര്‍മാന്‍ ഡ്രൈവര്‍മാര്‍ ന്യൂനപക്ഷമായതിനാല്‍ അവരെ മേല്‍ ജീവനക്കാര്‍ അവഗണിക്കുകയാണ് പതിവ്. അഴിമതി അവസാനിപ്പിച്ച് സുതാര്യത വേണമെന്ന് വാദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും ഭീഷണിയും നേരിടേണ്ടി വരുന്നു.
അപകടമേഖലയിലേക്ക് കുതിച്ചു പായേണ്ട വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്താതെ നടത്തിയതായി രേഖയുണ്ടാക്കി പണം തട്ടലും പതിവാണ്.സംസ്ഥാനത്തെ 130 ഓളം വരുന്ന ഫയര്‍‌സ്റ്റേഷനുകളിലും കാലങ്ങളായി ഇതൊക്കെത്തന്നെയാണ് നടക്കുന്നത്. ഒരു സ്റ്റേഷനില്‍ നാല് മുതല്‍ പത്ത് വരെ വാഹനങ്ങളുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ ജില്ലാ ഫയര്‍ ഓഫീസറാണ് പാസാക്കി നല്‍കേണ്ടത്. കാര്യങ്ങള്‍ മുറപോലെ നടന്നു വരികയാണത്രെ
ഇതിനിടെ, ഒരു ഡ്രൈവര്‍ സഹികെട്ട് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലിനും വിജിലന്‍സിനും ധനകാര്യ സെക്രട്ടറിക്കും പരാതി അയച്ചു.ഇതേത്തുടര്‍ന്ന് കോട്ടയത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് വിജിലന്‍സ് വിഭാഗം പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള ഡീസല്‍ തട്ടിപ്പ് ഉള്‍പ്പെടെയുടെ അഴിമതികള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡയറക്ടര്‍ ജനറലിനും ധനകാര്യ സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കുന്നതോടെ ശിക്ഷാ നടപടി ഉണ്ടാകുമെന്നും അഴിമതിക്ക് അറുതി വരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഡ്രൈവര്‍മാര്‍

LEAVE A REPLY

Please enter your comment!
Please enter your name here