ആഢ്യന്‍പാറ വൈദ്യുത നിലയം പ്രവര്‍ത്തനം തുടങ്ങി

0
57

ആഢ്യന്‍പാറ വൈദ്യുതി നിലയത്തിന്റെ ഊര്‍ജ്ജമായ ആഢ്യന്‍പാറ വെള്ളച്ചാട്ടം

നിലമ്പൂര്‍: പ്രളയത്തിലുണ്ടായ നാശം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന നിലമ്പൂര്‍ ആഢ്യന്‍പാറ വൈദ്യുതി നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു വര്‍ഷമെങ്കിലും എടുക്കുമായിരുന്ന പ്രവൃത്തികളാണ് നാലു മാസങ്ങള്‍ കൊണ്ട് തീര്‍ത്ത ചരിത്രമായി മാറിയത്. വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും നടത്തിയ കൂട്ടായ ശ്രമങ്ങള്‍ മൂലമാണ് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനായത്.

മലപ്പുറം ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയാണ് ചാലിയാര്‍ പുഴയുടെ പോഷക നദിയായ കാഞ്ഞിരപ്പുഴയുടെ കുറുകെ ആഢ്യന്‍പാറ ജലവൈദ്യത പദ്ധതി. 3.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ളതാണ് വൈദ്യുതി നിലയം.
മലയോരമേഖലയില്‍ കനത്ത മഴ പെയ്ത ആഗസ്ത് എട്ടിന് പന്തീരായിരം മലനിരകളിലെ തേന്‍മലയിലുണ്ടായ ഉരുള്‍പൊട്ടലാണ് ജലവൈദ്യുത നിലത്തിന് കനത്ത ഷോക്കായത്. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വന്‍ നാശമുണ്ടായതിനെ തുര്‍ന്നാണ് ഈ നിലയത്തില്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. മലനിരയില്‍നിന്ന് ഉദ്ഭവിക്കുന്ന കുതിരപ്പുഴയില്‍നിന്നാണ് ജലവൈദ്യുത നിലയത്തിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്നത്. പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കാനായി മലമുകളില്‍ നിര്‍മിച്ച തടയണക്കു സമീപമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. എട്ടുമീറ്റര്‍ താഴ്ചയും 58 മീറ്റര്‍ നീളവും 5.56 മീറ്റര്‍ ഉയരവുമുള്ള തടയണയില്‍ കൂറ്റന്‍ പാറക്കല്ലുകളും മണ്ണും നിറഞ്ഞു. ഇതോടെ തടയണയില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെയായി.

തടയണയില്‍ നിറയുന്ന വെള്ളം സമീപത്തെ കോണ്‍ക്രീറ്റ് കെട്ടി നിര്‍മിച്ച ട്രാഷ് റാക്കിലേക്ക് ഷട്ടറിലൂടെ കടത്തിവിട്ടാണ് അരിച്ചെടുക്കുന്നത്. ഇവിടെനിന്ന് പാറക്കടിയിലെ ടണലിലൂടെ പൈപ്പുവഴിയാണ് ഒരുകിലോമീറ്ററോളം ദൂരെ താഴെ പവര്‍ഹൗസില്‍ വെള്ളം എത്തിക്കുന്നത്. ഈ ട്രാഷ് റാക്കിലേക്കാണ് മണ്ണടിഞ്ഞ് വീണത്. കൂറ്റന്‍ കല്ലുകള്‍ ഇടിച്ച് ഷട്ടറുകള്‍ പൂര്‍ണമായി തകര്‍ന്നു. ലിവറുകള്‍ വേര്‍പെട്ട് മാറി. കല്ലും മണ്ണും നിറഞ്ഞ് ടണലിന്റെ വാതില്‍ അടഞ്ഞു. വെള്ളം പവര്‍ ഹൗസിലേക്ക് എത്തിക്കാനുള്ള പെന്‍സ്റ്റോക്ക് പൈപ്പ് കല്ല് വീണ് വളഞ്ഞു.

ഒക്ടോബര്‍ 29ന് ആഢ്യന്‍പാറ ജലവൈദ്യുത നിലയം സന്ദര്‍ശിച്ച മന്ത്രി എം.എം മണി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ജനുവരിയില്‍ തന്നെ ഉത്പ്പാദനം പുനരാരംഭിക്കാനുള്ള കഠിനയത്‌നത്തിലായിരുന്നു കെ.എസ്.ഇ.ബി.
പ്രളയത്തില്‍ തകരാറിലായ നിലമ്പൂര്‍ ആഢ്യന്‍പാറ ജലവൈദ്യുത നിലയത്തിന്റെ മൂന്ന് ജനറേറ്ററും ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായി. ഒന്നര മെഗാവാട്ട വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള മൂന്നാം നമ്പര്‍ യൂണിറ്റ് ഡിസംബര്‍ 17നും അഞ്ച് മെഗാവാട്ട് ശേഷിയുള്ളത് ജനുവരി ആദ്യവാരവും ഒന്നര മെഗാവാട്ടിന്റെ രണ്ടാം യൂനിറ്റ് ജനുവരി 16 നും പ്രവര്‍ത്തന സജ്ജമായി. ജനറേറ്റുകള്‍ മൂന്നും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞെങ്കിലും കുതിരപ്പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ പൂര്‍ണശേഷിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുന്നില്ല. ഒന്നര മെഗാവാട്ടിന്റെ ജനറേറ്റര്‍ ദിവസവും രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വെള്ളമേ പുഴയിലുള്ളൂ. തടയണയില്‍ നിറഞ്ഞ കല്ലും മണ്ണും മാറ്റിയിട്ടുണ്ട്.
പ്രളയകാലത്ത് വെള്ളം കയറിയ ഓയില്‍ പ്രഷര്‍ യൂണിറ്റും ലൂബ്രികേറ്റിങ് ഓയില്‍ സിസ്റ്റവും പാനലുകളും കെഎസ്ഇബി നന്നാക്കി. ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കമ്പനിയാണ് ജനറേറ്റര്‍ നന്നാക്കിയത്. 30 ലക്ഷം രൂപ ചെലവായി.
പെന്‍സ്റ്റോക്ക് പൈപ്പ് കല്ലുവീണ് വളഞ്ഞിരുന്നു. അവയുടെ പുര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. തടയണക്കു സമീപം ടണലിന് മുന്നിലേക്ക് 50 മീറ്റര്‍ ഉയരത്തിലാണ് മലയിടിഞ്ഞുവീണത്. ഈ ഭാഗം കോണ്‍ക്രീറ്റ്കെട്ടി ബലപ്പെടുത്തി മുകളില്‍ ഗാബിയോണ്‍ വാള്‍ നിര്‍മിക്കാനും പവര്‍ ഹൗസിനു സമീപം മണ്ണിടിഞ്ഞുവീണ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കാനും ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇ. ആര്‍ ഇന്ദുചൂഢന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here