കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതി: സര്‍വേയ്‌ക്കെത്തിയ സംഘത്തെ സമരക്കാര്‍ തടഞ്ഞു; പൊലീസുമായി വാക്കേറ്റം

0
12

പയ്യന്നൂര്‍: കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേക്കെത്തിയ ലാന്‍ഡ് അക്വിസിഷന്‍ സംഘത്തെ സമരാനുകൂലികള്‍ തടഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസും സമരക്കാരുമായി വാക്കേറ്റം. ഇതിനിടയില്‍ കണ്ടങ്കാളി വയലില്‍ ജനകീയ കൂട്ടായ്മ നടത്തി തുടര്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ജനകീയ കൂട്ടായ്മ നടത്താന്‍ സമരക്കാര്‍ തീരുമാനിച്ചിരുന്നു. കൂട്ടായ്മക്കെത്തിയപ്പോള്‍ വയലില്‍ സര്‍വേ നടത്തുന്നത് കണ്ട സമരക്കാര്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നു റവന്യൂ ഇന്‍സ്പെക്ടര്‍ ഗോപി, ലിന്റ ഗ്രേസ്, റെജി ഉഷസ് എന്നിവരടങ്ങിയ സംഘം സര്‍വേ നിര്‍ത്തിവച്ചു. ഇതിന് ശേഷം വയലിലേക്കുള്ള വഴിയില്‍ സമരക്കാര്‍ ജനകീയ കൂട്ടായ്മ ആരംഭിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കുത്തിയിരുന്നതിനെ തുടര്‍ന്നു സര്‍വേ ഉദ്യോഗസ്ഥര്‍ എത്തിയ വാഹനത്തിന് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടെ എഎസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. കാരയില്‍ അപ്പുക്കുട്ടന്‍, വിനോദ്കുമാര്‍ രാമന്തളി, വി.മണിരാജ്,കെ.പി.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള അന്‍പതോളം പേരാണ് വഴിയില്‍ കുത്തിയിരുന്നത്. സമരക്കാരോട് റോഡൊഴിവാക്കാന്‍ പോലീസ് ആവശ്യപ്പെട്ടതോടെയാണ് പോലീസും സമരക്കാരുമായി വാക്കേറ്റമുണ്ടായത്.
പാരിസ്ഥിതിക അനുമതി ലഭിക്കാത്ത പദ്ധതിക്കായി എന്തടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സമരക്കാര്‍ തങ്ങള്‍ റോഡ് തടഞ്ഞില്ലെന്നും വയലിലേക്കുള്ള വഴിയില്‍ അതിക്രമിച്ച് വാഹനം കയറ്റിയത് സര്‍വേക്കാരാണെന്നും പറഞ്ഞു. ഇതോടെ പോലീസും സമരക്കാരും വാക്കേറ്റം രൂക്ഷമായി. ഇതിനിടയില്‍ തലോത്ത് വയലില്‍ നടത്തിയ ജനകീയ കണ്‍വന്‍ഷന്‍ സാമൂഹ്യ പ്രവര്‍ത്തക പ്രഫ.കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.ആഗോള കുത്തകകള്‍ പോലീസിനെ കൂട്ടുപിടിച്ച് ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും ഒരുകാരണവശാലും എണ്ണസംഭരണി കണ്ടങ്കാളിയില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സമരം ശക്തമാക്കുമെന്നും ഉദ്ഘാടക പറഞ്ഞു. പരിപാടി അവസാനിച്ച ശേഷമാണ് ഉദ്യോഗസ്ഥരുടെ വാഹനം കടന്നുപോയത്. കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ ജനകീയ സമരസമിതി ചെയര്‍മാന്‍ ടി.പി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടന്ന കേരള ജലസമ്മേളനം പ്രഫ.കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ജനകീയ സമര പ്രതിനിധികളും പരിസ്ഥിതി ശാസ്ത്രജ്ഞരും ജലസമ്മേളനത്തില്‍ പങ്കെടുത്തു.കണ്ടങ്കാളി വയലില്‍ കേന്ദ്രീകൃത പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്ഥലമെടുപ്പ് ഓഫീസ് അടച്ചുപൂട്ടുക, തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുക,അന്നവും വെള്ളവും മുട്ടിക്കുന്ന വികസനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേരള ജലസമ്മേളനം നടത്തിയത്. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍നിന്നും ജലസത്യഗ്രഹജാഥ ആരംഭിച്ചു. തുടര്‍ന്ന് ജലസത്യഗ്രഹത്തിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here