ജില്ലയിലെ 160 ഹെക്ടര്‍ തരിശു നിലങ്ങള്‍ നെല്‍കൃഷിക്ക് തയ്യാറായി

0
6
പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി നീലേശ്വരം നാഗച്ചേരിയില്‍ തരിശു ഭൂമിയെ നെല്‍പ്പാടമാക്കിയപ്പോള്‍

നീലേശ്വരം: പ്രളയാനന്തര കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പുനര്‍ജ്ജനി പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണം.
ജില്ലയുടെ ലാറ്ററൈറ്റ് ഭൂമിയുടെ വരണ്ട പ്രകൃതിയില്‍ വ്യാപകമായി നെല്‍കൃഷിയിറക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറിയിരിക്കുകയാണ് കൃഷി വകുപ്പ്. പുനര്‍ജ്ജനി പദ്ധതി പ്രകാരം ജില്ലയില്‍ 160 ഹെക്ടര്‍ തരിശു നിലങ്ങള്‍ നെല്‍കൃഷിക്കായി ഉപയുക്തമാക്കിയതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫ് പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 191.75 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
4180 ഹെക്ടര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി 274.50 ലക്ഷം തുക ചെലവഴിച്ചു. 750 ഹെക്ടര്‍ സ്ഥലത്ത് 150 ലക്ഷം രൂപ ചെലവഴിച്ച് കേരഗ്രാമങ്ങള്‍ രൂപീകരിച്ച് നാളികേര വികസന പദ്ധതി നടപ്പിലാക്കി. കുരുമുളക് കൃഷിയെ സംരക്ഷിക്കുന്നതിനായി 1.21 കോടി രൂപയുടെ പദ്ധതിയാണ് മഴക്കാലത്തിനു മുമ്പായി നടപ്പിലാക്കുന്നത്.
കര്‍ഷകര്‍ നേരിടുന്ന വിളയുടെ ആരോഗ്യ പരിപാലന പ്രശ്നങ്ങളും രോഗ കീട ബാധയും പരിഹരിക്കുന്നതിനായി പുതുതായി അനുവദിച്ച 4 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് ഉള്‍പ്പെടെ 12 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായതായി അദ്ദേഹം പറഞ്ഞു. കര്‍ഷക തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ആവശ്യാനുസരണം യന്ത്രവത്ക്കരണം സാധ്യമാക്കുന്നതിനും വേണ്ടി 4 അഗ്രോ സര്‍വ്വീസ് സെന്ററുകളും 6 കാര്‍ഷിക കര്‍മ്മ സേനകളും പ്രവര്‍ത്തിച്ചു വരുന്നു.
ഇതില്‍ നാലു കാര്‍ഷിക കര്‍മ്മ സേനകള്‍ ഈ വര്‍ഷമാണ് രൂപീകരിച്ചത്. കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം സാധ്യതകള്‍ പരിശോധിച്ച് പക്ഷി സൗഹൃദ പാര്‍ക്ക്, കാസര്‍കോട് നഗര കവാടത്തില്‍ സൗന്ദര്യവല്‍ക്കരണവും, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ക്യമ്പസില്‍ 10 ഹെക്ടര്‍ സ്ഥലത്ത് ഫലവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് മഴക്കാലം ആരംഭിക്കുമ്പോള്‍ നടീല്‍ സമയം ക്രമീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. വിജ്ഞാന വ്യാപന രംഗത്ത് അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യുടെ സഹകരണത്തോടെ സംയോജിത വികസന പദ്ധതികളും പ്രദര്‍ശനങ്ങളും നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here