പെരിയ ഇരട്ടക്കൊല: കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബഹളം

0
21

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയെച്ചൊല്ലി കാഞ്ഞങ്ങാട് നഗരസഭയുടെ നാലാമത് ബജറ്റ് സമ്മേളനത്തില്‍ ബഹളം. പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്ന് കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അതില്‍ ദുഃഖമുണ്ടെന്നും സംഭവത്തെ അപലപിക്കുന്നെന്നും പറഞ്ഞ ചെയര്‍മാന്‍ അടിയന്തിര പ്രമേയ അനുമതി നിഷേധിച്ചു. ഇതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. സംഭവത്തെ നിസ്സാരവത്ക്കരിച്ച് ചെയര്‍മാന്‍ ഒഴിഞ്ഞു മാറാതെ കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്നും മുഹമ്മദ്കുഞ്ഞി ആവശ്യപ്പെട്ടു.
മുഹമ്മദ്കുഞ്ഞിക്ക് പിന്തുണയുമായി പ്രതിപക്ഷത്തു നിന്ന് എം എം നാരായണനും, എം പി ജാഫറും രംഗത്ത് വന്നു. ഇതോടെ പ്രമേയം പാസാക്കാന്‍ ആവില്ലെന്നും അംഗങ്ങള്‍ നിശബ്ദരായിരിക്കണമെന്നും ചെയര്‍മാന്‍ ആവര്‍ത്തിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നു.
ചെയര്‍മാനെ അനുകൂലിച്ചുകൊണ്ട് ടി വി ഭാഗീരഥിയും, ഗംഗാ രാധാകൃഷ്ണനും, എന്‍ ഉണ്ണികൃഷ്ണനും രംഗത്ത് വന്നു. ഇതിനിടെ അംഗങ്ങള്‍ നിശബ്ദരായിരിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ നടപടി എടുക്കുമെന്നും ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയത്.
എന്തു നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചപ്പോള്‍ ഒച്ചയുണ്ടാക്കാതെ സീറ്റിലിരിക്കണമെന്നും ഇല്ലെങ്കില്‍ പിടിച്ച് പുറത്താക്കുമെന്നും ചെയര്‍മാന്‍ ഉച്ചത്തില്‍ പറഞ്ഞു. എന്നാല്‍ അത് കാണട്ടെയെന്നായി മുഹമ്മദ്കുഞ്ഞി.
കൊലപാതകങ്ങള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ട്. അഞ്ചുപേരെ ചുട്ടുകൊന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രത്യേകം പ്രമേയം പാസാക്കാനാകില്ലെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഇതേ സമയം പിണറായിയും കൊടിയേരിയും തള്ളിപ്പറഞ്ഞ കൊലപാതകം ചെയര്‍മാന്‍ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here