കൊച്ചി നഗരത്തില്‍ വന്‍ അഗ്നിബാധ; പട്ടാപ്പകല്‍ 6 നില കെട്ടിടം 4 മണിക്കൂര്‍ കത്തി എരിഞ്ഞു; ആളപായമില്ല

0
9

കൊച്ചി: എണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ആറു നില കെട്ടിടം കത്തി നശിച്ചു. ഉള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളുടെ ശേഖരം മൂഴുവന്‍ കത്തി ചാരമായതായാണ് പ്രാഥമിക നിഗമനം.20 അഗ്നി ശമന സേന യൂണിറ്റികള്‍ നാലു മണിക്കൂറിലധികം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. തീപിടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
രാവിലെ 11 മണിയോടെ ആരംഭിച്ച തീ വൈകുന്നേരം മൂന്നിനാണ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമായിക്കഴിഞ്ഞതായി സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തീപിടുത്തമുണ്ടാകാനുള്ള കാരണം സംബന്ധിച്ച് വിശദമായി അന്വേഷണം ആവശ്യമാണ്.അതിനുള്ള നടപടിയുണ്ടാകും.സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.തീപിടുത്തത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരിക്കോ സംഭവിച്ചിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെയും സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നവരെയും യഥാസമയം ഒഴിപ്പിച്ചിരുന്നു. അഗ്‌നിരക്ഷാ സേനയുടെ പതിനെട്ടും നാവിക സേനയുടെ രണ്ടും യൂണിറ്റുകളാണ് മണിക്കൂറുകളോളം പ്രയത്‌നിച്ച് തീയണച്ചത്. തീപിടിച്ച കെട്ടിടത്തില്‍ അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എറണാകുളം സെന്‍്ട്രല്‍ സി ഐ അനന്തലാല്‍ പറഞ്ഞു.

റബര്‍ ഉല്‍പന്നങ്ങളാണ് കെട്ടിടത്തില്‍ അധികവും ഉണ്ടായിരുന്നത്. അതിനാല്‍ അതിവേഗം തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തില്‍ നിന്നും വന്‍ തോതില്‍ പുക പുറത്തേയക്ക് വമിച്ചതോടെ അന്തരീക്ഷമാകെ മേഘാവൃതമായി. കെട്ടിടത്തിന്റെ മുകള്‍ നിലയിലടക്കം തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീപടര്‍ന്നതോടെ ജീവനക്കാര്‍ ഇറങ്ങി ഓടി. 28 ജീവനക്കാരാണ് ഉണ്ടായത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. തീപിടിച്ച കെട്ടിടത്തിത്തോട് ചേര്‍ന്ന് നിരവധി കെട്ടിടങ്ങളാണുള്ളത്. സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലാണ് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നത്. കെട്ടിടത്തിനുള്ളില്‍ പുക നിറഞ്ഞതോടെ അഗ്നിശമന സേനയ്ക്ക് ഉള്ളില്‍ കയറി തീ അണയക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറി പമ്പുപയോഗിച്ച് തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ ജനലുകള്‍ക്കുള്ളിലൂടെ അകത്തേക്ക് വെള്ളം പമ്പു ചെയ്യുകയായിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികള്‍ സമീപത്ത് നടന്നുവരുന്നതിനാല്‍ തുടര്‍ന്ന് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുളള ഗതഗാത ക്രമീകരണങ്ങളും മറ്റും അഗ്നിശമന സേനയ്ക്ക് യഥാ സമയം എത്തിച്ചേരാന്‍ തടസ്സമുണ്ടായതായി ആക്ഷേപമുണ്ട്.ഒപ്പം കെട്ടിടത്തിന്റെ നിര്‍മാണ രീതിയും തീ അണയ്ക്കുന്നതിന് വെല്ലുവിളിയായി. കേരളത്തിലെ മറ്റു ജില്ലകളിലെ പാരഗണിന്റെ സ്ഥാപനങ്ങളിലേക്കും മറ്റും ഈ ഗോഡൗണില്‍ നിന്നാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതെന്നാണ് വിവരം. അടുത്ത അധ്യയന വര്‍ഷത്തേയക്കുള്ള സ്‌കൂള്‍ സാമഗ്രികള്‍ അടക്കം ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണു തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here