പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് ശിലയിട്ടു

0
60

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി മുഖേന അനുവദിച്ച 112 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പരപ്പനങ്ങാടിയിലെ ഫിഷിങ് ഹാര്‍ബര്‍ ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹാര്‍ബറിനോടനുബന്ധിച്ച് വാര്‍ഫ്, ലേലപ്പുര, പാര്‍ക്കിങ് ഏരിയ, കാന്റീന്‍ എന്നിവയുമുണ്ടാകും. യന്ത്രവല്‍കൃതബോട്ടുകള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ഏതുകാലാവസ്ഥയിലും ആശ്രയിക്കാവുന്ന തരത്തിലാണ് ഹാര്‍ബര്‍ സജ്ജീകരിക്കുക. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ തീരദേശമേഖയ്ക്കത് മുതല്‍ക്കൂട്ടാകും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള സമാന പദ്ധതികള്‍ ഭാവിയിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളപുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും.
ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് ഒരുക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇതിനായി ബജറ്റില്‍ 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഈ സര്‍ക്കാറിന്റെ കാലത്ത് മത്സ്യത്തൊഴിലാളി പെന്‍ഷനുകളും ഇന്‍ഷൂറന്‍സ് ആനുകൂല്യ തുകയും വര്‍ധിപ്പിച്ചു. നാവിക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുര്‍ബല വിഭാഗങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെയും ക്ഷേമത്തിനാണ് സര്‍ക്കാറിന്റെ ഊന്നല്‍. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതികള്‍ തുടരും. നാടിന്റെ ഐക്യവും ന•യും നിലനിര്‍ത്തി വികസന പദ്ധതികളിലൂടെ പുരോഗതി കൈവരിക്കുകയാണ് ലക്ഷ്യം. വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകില്ല. എല്ലാ ബുദ്ധിമുട്ടുകളിലും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനകം പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ഒത്തൊരുമിച്ച് നിന്ന് തീരദേശമേഖലയുടെ വികസനത്തിനും അതുവഴി അവരവരുടെ ഉയര്‍ച്ചയ്ക്കും പരിശ്രമിക്കണം. 188 കോടി രൂപയുടെ വികസന പദ്ധതികളാണ് കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തിനിടയില്‍ മാത്രം മലപ്പുറത്തെ തീരദേശ മേഖലയില്‍ നടപ്പാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാറ്റ്ലൈറ്റ് ഫോണിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫിഷറീസ് വകുപ്പ് മന്ത്രി വിശദമായി പഠിച്ച് ഓരോ കാര്യങ്ങളെയും സമീപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിത് ഏറെ ഗുണം ചെയ്തെന്ന് അഭിപ്രായപ്പെട്ടു. പ്രകൃതിദുരന്തത്തില്‍ ചരിത്രത്തിലൊന്നുമില്ലാത്ത വിധം സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ ആനുകൂല്യം നല്‍കിയതും ഓര്‍മ്മിപ്പിച്ചു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്, വി അബ്ദുറഹ്മാന്‍, പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍, സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കേരള ആഭരണനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി സോമസുന്ദരന്‍, കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് എസ്.സി ആന്റ് എസ്.ടി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയര്‍മാന്‍ വേലായുധന്‍ പാലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here