സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ദേവദാസും പതിനെട്ടുവര്‍ഷമായി മകനെ കാത്തിരിക്കുന്ന അമ്മയും

0
7

കാസര്‍ക്കോട്: കൃപേഷിനും ശരത്തിനും മുമ്പ് പെരിയയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്. മകന്റെ മരണത്തില്‍ മനോനില തെറ്റിയ അമ്മ 18 വര്‍ഷമായി വീടിന് പുറത്തിറങ്ങാതെ ഏകമകന്‍ തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് ഇന്നും അബോധമനസുമായി കാത്തിരിക്കുകയാണ്. പെരിയ ചാലിങ്കാല്‍ തടത്തിലെ ടി വി ദേവദാസ് എന്ന 25 വയസുള്ള ചെറുപ്പക്കാരനെയാണ് 18 വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.
മകന്റെ ചേതനയറ്റ ശരീരം കണ്ടതിന് ശേഷം മാതാവ് ലക്ഷ്മി എല്ലാവരെയും തുറിച്ചുനോക്കുക മാത്രമാണ് ചെയ്യുന്നത്. 18 വര്‍ഷം കഴിഞ്ഞിട്ടും ആ വീട് വിട്ട് ഇന്നേവരെ ലക്ഷ്മി പുറത്തിറങ്ങിയിട്ടില്ല. മകന്റെ ചിതയടങ്ങിയ ശേഷം ആദ്യത്തെ കുറച്ച് ദിവസം വീടിന്റെ പുറത്ത് ഇറങ്ങി നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടപ്പെട്ടിരിക്കുകയാണെന്ന് ഭര്‍ത്താവ് ഇ എം കുഞ്ഞിരാമന്‍ പറയുന്നു
2001 ജനുവരി 27ന് രാത്രി ദേവദാസ് ചുമട്ടുജോലി കഴിഞ്ഞ് വീട്ടിലേക്ക് വരാനായി ചാലിങ്കാല്‍ ബസ് സ്റ്റോപ്പില്‍ ബസിറങ്ങുന്നതിനിടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മഴു കൊണ്ട് തുരുതുരാ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി പേര്‍ നോക്കിനില്‍ക്കെയായായിരുന്നു കൊലപാതകം നടന്നത്. എട്ടിലധികം പേര്‍ പ്രതികളായ ഈ കേസില്‍ നാല് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷിക്കപ്പെട്ടവരില്‍ ചിലര്‍ മാത്രമേ യഥാര്‍ത്ഥ പ്രതികളായി ഉള്ളൂവെന്നും മറ്റു ചില പ്രതികള്‍ ഇപ്പോഴും നാട്ടില്‍ മാന്യന്മാരായി കഴിയുന്നുണ്ടെന്നും ദേവദാസിന്റെ പിതാവ് കുഞ്ഞിരാമന്‍ പറയുന്നു. ദേവദാസിനെ കൊല ചെയ്ത എല്ലാ പ്രതികളെയും ഇപ്പോള്‍ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അവര്‍ എപ്പോഴും നാട്ടില്‍ തന്നെയാണ്. ജയില്‍ എന്നത് പേരിനുമാത്രമാണ്. പ്രതികള്‍ ഓരോ തവണ പരോളിന് അപേക്ഷിക്കുമ്പോഴും അമ്പലത്തറ പോലീസ് വീട്ടില്‍ വന്ന് എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് ചോദിക്കാറുണ്ട്. പരോള്‍ അനുവദിക്കരുതെന്നാണ് എപ്പോഴും ഞാന്‍ പറയാറുള്ളത്. തങ്ങളുടെ എതിര്‍പ്പൊന്നും കണക്കിലെടുക്കാതെയാണ് പ്രതികള്‍ക്ക് ഇഷ്ടാനുസരണം പരോള്‍ അനുവദിക്കുന്നത്.
കോണ്‍ഗ്രസ് ഗാന്ധിസം മുന്നോട്ടുവെക്കുമ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പകരത്തിന് പകരം ചോദിച്ച് നാടിനെ കുരുതിക്കളമാക്കുകയാണ്. ഇത്തരം ആക്രമങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും എന്നും തീരാനഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത്തരം ആക്രമങ്ങളിലും കൊലപാതകങ്ങളിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്- അദ്ദേഹം പറഞ്ഞു.കൊലയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം സാമ്പത്തീകസഹായം നല്‍കിയിരുന്നു. വീട് നന്നാക്കിയതും പാര്‍ട്ടി ഏറ്റെടുത്ത് തന്നെയായിരുന്നു. കൂലിപ്പണിക്കാരനായ കുഞ്ഞിരാമന് കാല്‍മുട്ട് വേദനയെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പറമ്പില്‍ നിന്ന് കിട്ടുന്ന ചെറിയ ആദായവും വാര്‍ധക്യകാല പെന്‍ഷനും കൊണ്ടാണ് കുടുംബം കഴിയുന്നത്. ലക്ഷ്മിക്ക് വാര്‍ധക്യകാല പെന്‍ഷന് വേണ്ടി പലതവണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപേക്ഷ കൊണ്ടുവന്നെങ്കിലും ഒപ്പിടാന്‍ തയ്യാറാകാത്തതിനാല്‍ അപേക്ഷ നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട ദേവദാസ്. മൂത്ത സഹോദരി പുഷ്പ(40)യും ഇളയ സഹോദരി ശൈലജ(32)യും വിവാഹിതരായി ഭര്‍തൃവീട്ടിലാണ് താമസം. പേരക്കുട്ടികളുമായി ഇരുവരും എത്തിയാല്‍ കത്തിയുമായി വാതില്‍ക്കല്‍ നിന്ന് അകത്തേക്ക് ഇവരെ ലക്ഷ്മി കടത്തിവിടാറില്ല. ഇവര്‍ സ്വന്തം മക്കളും പേരക്കുട്ടികളുമാണെന്ന തിരിച്ചറിവ് പോലും ലക്ഷ്മിക്കുണ്ടാകുന്നില്ലെന്ന് കുഞ്ഞിരാമന്‍ വേദനയോടെ പറഞ്ഞു. കാഞ്ഞങ്ങാട്ടെ മനോരോഗവിദഗ്ധന്റെ കീഴില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. അദ്ദേഹം നല്‍കിയ മരുന്നുകളാണ് തുടര്‍ന്നുവന്നിരുന്നത്. ഇപ്പോള്‍ മരുന്നുകള്‍ കഴിക്കാന്‍ ലക്ഷ്മി വിസമ്മതിക്കുന്നതായും മരുന്നുകള്‍ വലിച്ച് ദൂരെ കളയുന്നതായും ഭര്‍ത്താവ് കൃഷ്ണന്‍ പറഞ്ഞു.തന്റെ മകനെ എന്തിനാണ് കൊന്നതെന്ന് പോലും ഇവര്‍ക്ക് അറിയില്ല-കുഞ്ഞിരാമന്‍ വേദനയോടെ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here