പെരിയ ഇരട്ടക്കൊല: അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്

0
6

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൊലയുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി. ഇരട്ടക്കൊലക്കേസില്‍ പിതാംബരന് ശേഷം അറസ്റ്റിലാവുന്ന രണ്ടാമത്തെ ആളാണ്. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ സജിക്ക് മുഖ്യപ്രതി പീതാംബരനുമായി നല്ല അടുപ്പമുണ്ട്. ഇയാള്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

നേരത്തെ, കേസ് സിബിഐ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തത് എന്നാണ് പീതാംബരന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് എതിരെ പീതാംബരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.

കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയ്ക്ക് ശേഷം ഇവര്‍ പാര്‍ട്ടി ഓഫീസില്‍ പോയി എന്നും പൊലീസ് സംശയിക്കുന്നു. ഒരു കാറും ജീപ്പും വാനും കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശരത്തിനേയും കൃപേഷിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് കൂൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here