കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

0
9
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ കരിപ്പൂരിലും ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുന്നു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു. കരിപ്പൂരിലും ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വീഡിയോ കോണ്‍ഫറന്‍സ് വഴി ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ ടെര്‍മിനല്‍ കരിപ്പൂരിന്റെ വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനും മുതല്‍ക്കൂട്ടാവുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തു തന്നെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ടൂറിസം ഉള്‍പ്പെടെ ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള നാടാണ് കേരളം. വ്യോമയാന സൗകര്യം ടൂറിസം വികസനത്തിന് അനിവാര്യമാണ്. രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുള്ള സംസ്ഥാനമാണ് കേരളമെന്നും വിമാനത്താവളങ്ങളുടെ വികസനം ഇവര്‍ക്കെല്ലാം ഏറെ അനുഗ്രഹമാണെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂരിന്റ വികസന പൂര്‍ത്തീകരണത്തിന് എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു. ടെര്‍മിനല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്താവശ്യമായ സ്ഥലമെടുപ്പിനായുള്ള സാമൂഹ്യാഘാതം പഠനം നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവും കൂടുതല്‍ സൗകര്യങ്ങളും അനിവാര്യമാണെന്നും കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ.ഗുരുപ്രസാദ് മൊഹാപാത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.
കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു സ്വാഗതവും ദക്ഷിണ മേഖല എഞ്ചിനീയറിങ് ജനറല്‍ മാനേജര്‍ ജി.രാജശേഖരന്‍ നന്ദിയും പറഞ്ഞു. പി.വി.അബ്ദുല്‍ വഹാബ് എം.പി, ടി.വി. ഇബ്രാഹീം എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണ റോട്ട് ഫാത്തിമ, ഹജജ് കമ്മിറ്റി ചെയര്‍മാന്‍ പി.മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. ആഗമന ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.
120 കോടി രൂപ ചിലവിലാണ് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1500 പേര്‍ക്ക് ഒരേ സമയം ഉപയോഗി ക്കാവുന്നതരത്തില്‍ ഏഷ്യ യിലെ തന്നെ ഏറ്റവും നീളം കൂടിയ ഈ പുതിയ ടെര്‍മിനലില്‍ അഞ്ച് അത്യാധുനിക എയറോ ബ്രിഡ്ജുകള്‍, മൂന്ന് എസ്‌ക്കലേറ്ററുകള്‍, നീളം കൂടിയ മൂന്ന് കണ്‍വെയര്‍ ബെല്‍ട്ടുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
പ്രകൃതി വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെയാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിന് അനുബന്ധമായി 150000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും പണി തീര്‍ത്തീട്ടുണ്ട്. എമിഗ്രേഷന്‍, കസ്റ്റംസ് വിഭാഗങ്ങള്‍ക്ക് 20 കൗണ്ടറുകള്‍ വീതവും വിമാനക്കമ്പനികളുടെ ഓഫീസുകളും പ്രവര്‍ത്തിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here