പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമായ കൊലപാതകം: മുഖ്യമന്ത്രി

0
7

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയയിലെ ഇരട്ടക്കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കില്ല. തെറ്റായ കാര്യങ്ങളെ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നതിന്റെ സൂചനയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. സി.പി.എം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇത്തരം ആളുകള്‍ക്ക് സി.പി.എമ്മിന്റേതായ പരിരക്ഷയൊന്നും ഉണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ചെയ്തത് ഹീനമായ കുറ്റമാണ്. അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഈ സംഭവം ഉണ്ടായ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷമാണെന്നും സിപിഎമ്മിനെതിരായ അക്രമങ്ങളെയും നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. ഒരു കാലത്തും കോണ്‍ഗ്രസിന് അതിന് കഴിയാറില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് എപ്പോഴും ഇത്തരം ശ്രമങ്ങളെ ശിഥിലീകരിക്കുന്നു. കോണ്‍ഗ്രസ്,ബിജെപി ഇത് മാത്രമാണ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥിതി. ഇടതുപക്ഷം എവിടെയും ഇല്ല. എന്നാല്‍ എല്ലായിടത്തും അങ്ങനെയാണെന്ന് കരുതരുത്. ഉത്തര്‍പ്രദേശ് മുതല്‍ കര്‍ണാടക വരെയുള്ള സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസ് അല്ല മറിച്ച് അവിടുത്ത് പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ശക്തി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രമെ കോണ്‍ഗ്രസിന് ശക്തിയുള്ളു. ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയിട്ടുപോലും കോണ്‍ഗ്രസ് തങ്ങളുടെ നയം തിരുത്താന്‍ തയ്യാറാകുന്നില്ല.-മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സഹായം കൊണ്ട് ശക്തിപ്പെട്ട ബിജെപിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. അവരും ഇതേ നയമാണ് സ്വീകരിച്ചത് ഇടതുപക്ഷത്തെ നിഷ്‌കാസനം ചെയ്യുക എന്നതാണ് എക്കാലത്തെയും ലക്ഷ്യം. ത്രിപുരയില്‍ എത്രയോ പേരെ കൊന്നുതള്ളി, വീടുകള്‍ നശിപ്പിച്ചു, പാര്‍ട്ടി ഓഫീസുകള്‍ അടക്കമുള്ളവ നശിപ്പിച്ചു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്തു. പടിഞ്ഞാറന്‍ ബംഗാളില്‍ എത്രയോ സഖാക്കള്‍ കൊലചെയ്യപ്പെട്ടു-മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here