പെരിയ ഇരട്ടക്കൊല: മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം രൂക്ഷം

0
5

കാഞ്ഞങ്ങാട്: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം രൂക്ഷം. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ രൂക്ഷമായാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി രണ്ടുവീടുകളും സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. ഇവിടെ വന്നപ്പോള്‍ സത്യാവസ്ഥ അദ്ദേഹത്തിന് മനസ്സിലായിക്കാണും. അതുകൊണ്ടാവാം ഇവിടെ വരാതിരുന്നത്. മുഖ്യമന്ത്രി വന്നിരുന്നെങ്കില്‍ ഈ കേസ് സി ബി ഐ യെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു.ഇനിയിപ്പോള്‍ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല- കൃഷ്ണന്‍ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കോണ്‍ഗ്രസിന്റെ എതിര്‍പ്പുമൂലമാണെന്ന് വ്യക്തമായി.
കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് ഡിസിസി പ്രസിഡന്റ് സിപിഎമ്മിന് മറുപടി നല്‍കിയില്ല.
പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാം. പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായവികാരമുണ്ട്. അനിഷ്ടകരമായ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ല. ഈ സാഹടര്യത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അനുവദിക്കാനാകില്ല എന്ന നിലപാടാണ് കാസര്‍ഗോഡ് ഡി.സിസി. സ്വീകരിച്ചത്.
മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന ശ്രുതിയുണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സംഘം പ്രദേശത്ത് സുരക്ഷയൊരുക്കിയിരുന്നു. നാട്ടുകാരും ഇവിടങ്ങളില്‍ തടിച്ചുകൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here