ഭീതിയില്‍ നിന്നും കരകയറാതെ പെരിയയും കല്യോടും

0
6

കണ്ണീരുമ്മ: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ സന്ദര്‍ശിച്ചപ്പോള്‍ തളര്‍ന്നു കിടക്കുകയായിരുന്ന ശരത്ലാലിന്റെ അമ്മ ലതയെ ചുംബിക്കുന്നു

പെരിയ: ഭീതിയില്‍ നിന്നും ഇനിയും കരകേറിയിട്ടില്ല പെരിയയും കല്യോടും. ഒച്ചയും ആളനക്കവുമില്ല. ചീറിപ്പായുന്ന പോലീസ് വാഹനങ്ങളും ക്യാമറക്കണ്ണുകളും മാത്രമാണ് എങ്ങും. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഹാജര്‍കുറവായിരുന്നു. കുട്ടികളുടെ കണ്ണുകളില്‍ ഭീതി.
അദ്ധ്യാപകരുടെ സാന്ത്വനമാണ് അവരെ സ്‌കൂളിലെത്തിക്കുന്നത്. പരീക്ഷയെ ഇതുബാധിക്കുമോ എന്നാണ് അദ്ധ്യാപകരുടെ പേടി. കല്യോട്ട് അങ്കണവാടിയിലോക്ക് രക്ഷിതാക്കള്‍ കുട്ടികളെ അയക്കുന്നില്ല. തിങ്കളാഴ്ചയോടെ കുട്ടികള്‍ എത്തിത്തുടങ്ങുമെന്നാ
ണ് പ്രതീക്ഷ. ഏച്ചിലടുക്കം അങ്കണവാടിയിലും കുട്ടികളാരും എത്തിയിട്ടില്ല.കല്യോട്ട് ടൗണില്‍ കുറച്ചു കടകള്‍ തുറന്നെങ്കിലും കച്ചവടമില്ല. കല്യോട്ട് ഓട്ടോ സ്റ്റാന്‍ഡിലും കുറച്ച് ഓട്ടോകള്‍മാത്രമെ ഉഉള്ളു.
ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം നടക്കുന്നതിനിടയില്‍ ഡോ എ.ശ്രീനിവാസിനെ ജില്ലാ പോലീസ് മേധാവിസ്താനത്തുനിന്നും മാറ്റി. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ജെയിംസ് ജോസഫ് ആണ് പകരം ചുമതലയേറ്റത്.കോട്ടയം മണിമല സ്വദേശിയായ ജെയിംസ് ജോസഫ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സര്‍വീസില്‍നിന്ന് വിരമിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലംമാറ്റമാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള ക്രൈബ്രാഞ്ച് എസ്.പി.യായി ആണ് എ.ശ്രീനിവാസിന് സ്ഥലംമാറ്റം. അടുത്തയാഴ്ച അദ്ദേഹം കണ്ണൂരില്‍ ചുമതലയേല്‍ക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സി പി എം 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ സന്ദര്‍ശിച്ചു. തളര്‍ന്നു കിടക്കുകയായിരുന്ന ശരത്ലാലിന്റെ അമ്മ ലത, കട്ടിലിലിരുന്ന രമയുടെ കൈ മുറുക്കിപ്പിടിച്ചു. പിന്നെ വിതുമ്പി. ലതയുടെ വിതുമ്പല്‍ പൊട്ടിക്കരച്ചിലായി. ലതയുടെ കണ്ണീര്‍ തുടച്ചുകൊടുത്തുകൊണ്ട് രമ പറഞ്ഞു ‘എന്റെ ഭര്‍ത്താവിനെയും അവര്‍ കൊത്തിനുറുക്കുകയാണ് ചെയ്തത്’. ഇത്രയും പറഞ്ഞപ്പോളേക്കും അതുവരെ പിടിച്ചുനിന്ന രമയ്ക്കും കരച്ചിലടയ്ക്കാനായില്ല.
കൃപേഷിന്റെ അമ്മ ബാലാമണിക്ക് മുമ്പിലെത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. ഓലക്കുടിലിലെ കട്ടിലില്‍ ഇരിക്കുകയായിരുന്നു ബാലാമണി. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.കെ.ബാബുരാജാണ് സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ രമയാണ് ഇവരെന്ന് ബാലാമണിയോട് പറഞ്ഞത്. രമ കട്ടിലിലിരുന്നപ്പോള്‍ ബാലാമണി കൈചേര്‍ത്തുപിടിച്ചു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. തോര്‍ത്തില്‍ മുഖം പൊത്തിക്കരഞ്ഞ ബാലാമണിയുടെ തലയില്‍ ഏറെസമയം തലോടി. വാക്കുകള്‍ക്കപ്പുറത്ത് അവിടെ അര്‍ത്ഥഗര്‍ഭമായ മൗനം നിറഞ്ഞുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here