ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം തടവും പിഴയും

0
16

മഞ്ചേരി: ആദിവാസി യുവതിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച യുവാവിനെ മഞ്ചേരി എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
നിലമ്പൂര്‍ പോത്തുകല്ല് ചാത്തമുണ്ട എരഞ്ഞിക്കല്‍ ഷാഹുല്‍ ഹമീദ് (35)നെയാണ് ജഡ്ജി ഹരി ആര്‍ ചന്ദ്രന്‍ ശിക്ഷിച്ചത്. 2015 ജൂണ്‍ ഒമ്പതിനും 15നും ഇടയിലാണ്‌സംഭവം.
പട്ടിക വര്‍ഗ്ഗത്തിലെ കാട്ടുനായ്കന്‍ വിഭാഗത്തില്‍പെട്ട അമരമ്പലം പാട്ടക്കരിമ്പ് സ്വദേശിനിയായ 26 കാരിയാണ് പൂക്കോട്ടുംപാടം സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയുടെ വിവാഹത്തലേന്ന് പാട്ടക്കരിമ്പ് കോളനിയിലെത്തിയ പ്രതി വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി എന്ന് പരാതിയില്‍ പറഞ്ഞു. കോട്ടയ്ക്കല്‍ രണ്ടത്താണിയിലെ വീട്ടിലും ചെനക്കലിലെ വാടക വീട്ടിലും വെച്ച് പല തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 366 പ്രകാരം വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയതിന് അഞ്ചു വര്‍ഷം തടവ്, 10000 രൂപ പിഴ, 376 വകുപ്പ് പ്രകാരം ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവ്, 10000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കാനും പിഴയടക്കുന്ന പക്ഷം 10000 രൂപ പരാതിക്കാരിക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here