ഇരുട്ടും വെളിച്ചവും കൊണ്ടെഴുതിയ നോവല്‍

0
36

കെ. ജയകുമാര്‍

കല്ലട സുധാകരന്റെ ‘ദേവാനന്ദന്‍’ എന്ന ബൃഹദ് നോവല്‍ അസാധാരണമായ വായനാനുഭവമാണ് സമ്മാനിക്കുന്നത് . മനുഷ്യനിലെ ദേവനെയും അസുരനെയും സമ്യക്കായി കാണാന്‍ സാധിക്കുന്ന സിദ്ധിയാണ് ഈ എഴുത്തുകാരന്റെ മൂലധനം. എവിടെയും നമ്മള്‍ കണ്ടുമുട്ടുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ സ്വയം സൃഷ്ടിക്കുന്നതും എത്തിപ്പെടുന്നതുമായ സാഹചര്യങ്ങള്‍ തികച്ചും അസാധാരണവും. പ്രണയവും, കാമവും, സ്വയംരക്ഷക്ക് വേണ്ടി ചെയ്തുകൂട്ടുന്ന അകര്‍മങ്ങളും, സദ്ബുദ്ധിയിലുദിക്കുന്ന നല്ല ചിന്തകളും എല്ലാം കൂടിക്കലര്‍ന്നതാണ് ഈ നോവലിലെ ആശയലോകം.

പ്രീതി എന്ന യുവതിയുടെ ജീവിതം, സ്വന്തം കുറ്റംകൊണ്ടല്ലാതെ ഏതോ അജ്ഞാതദിശയിലേക്കു നിയന്ത്രണം വിട്ട് ഒഴുകുകയാണ്. ബന്ധുവും അധ്യാപകനുമായ പ്രേംശങ്കര്‍ ഒരു നിമിഷത്തിന്റെ പ്രലോഭനത്തിനു വിധേയനാകുന്നതോടെ അനേകം കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ പാളാന്‍ തുടങ്ങുന്നു. അരുതാത്ത ഒരു പ്രവൃത്തി എത്ര വ്യാപകവും ഭീകരവുമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചു വരുത്തുന്നതെന്ന് വായനക്കാര്‍ ആശ്ചര്യപ്പെടാതിരിക്കില്ല.

എന്നാല്‍ സ്വാര്‍ത്ഥചിന്തകൊണ്ടും സുഖകാമന കൊണ്ടും മാത്രം നയിക്കപ്പെടുന്നവരല്ല എല്ലാ മനുഷ്യരുമെന്ന് കഥാകൃത്തിനു നന്നായറിയാം. അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ മനുഷ്യനന്മയുടെ അദ്ഭുതങ്ങള്‍ ഈ കഥാഖ്യാനത്തില്‍ ഒളിവിതറുന്നു. അത്തരം സന്ദര്‍ഭങ്ങളെ ഈശ്വരീയമാക്കാന്‍ കൂടി നോവലിസ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു. ഇത് ഈശ്വരനുതന്നെ കൂടുതല്‍ മാനവികമായ നിര്‍വചനം കല്‍പ്പിച്ച് കൊടുക്കുന്നു. ഒടുവില്‍ ഡോക്ടര്‍ റീജിയനയുടെ മനസ്സിലും ദൈവികഭാവനയുടെ പ്രകാശപ്രവാഹമുണ്ടാകുമ്പോഴാണ് കഥ അതിന്റെ സമ്മോഹനമായ പരിണാമദശയിലേക്കു തിരിയുന്നത്. എന്തിനാണ് കഥയുടെ ഒരു സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് വാങ്ങാം എന്ന് കഥാപാത്രങ്ങള്‍ തീരുമാനിച്ചതെന്ന് ഒടുവില്‍ മാത്രമേ വായനക്കാരന് മനസ്സിലാകുന്നുള്ളു.

സ്വന്തം ഭര്‍ത്താവ് ചെയ്ത അപരാധങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞിട്ടും ധാര്‍മികമായ പരിഹാരത്തിന് മുന്‍കൈ എടുക്കുന്ന ഡോക്ടര്‍ റെജീന വാസ്തവത്തില്‍ പ്രേംശങ്കറിനെ തന്റെ ഉദാരത കൊണ്ട് കീഴടക്കുകയാണ്. ഒരര്‍ത്ഥത്തില്‍ മാപ്പുകൊടുക്കലിനെക്കാളും വലിയ പ്രതികാരമില്ല. അതുപോലെ തന്നെയാണ് പ്രീത ഒരു കുഞ്ഞിന് ജന്മം നല്കിയെന്നറിഞ്ഞിട്ടും അവളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നികേഷിന്റെ ഹൃദയവിശുദ്ധി. മനുഷ്യന്റെ ആസുരവാസനകള്‍ തിരിച്ചറിയുകയും എന്നാല്‍ മനുഷ്യനിലെ ദേവനെ ഉപാസിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ നോവലിന്റെ സവിശേഷത.

മികച്ച എഴുത്തുകാര്‍ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ കാണുമ്പോള്‍ പ്രതിഭ കുറഞ്ഞ എഴുത്തുകാര്‍ ജീവിതത്തിന്റെ ഭാഗികചിത്രം മാത്രം വരച്ചു തൃപ്തിപ്പെടുന്നു. കല്ലട സുധാകരന്റെ ആഖ്യാനവ്യാപ്തികൊണ്ടും, സൂക്ഷ്മമായ ജീവിത നിരീക്ഷണം കൊണ്ടും, മനുഷ്യനന്മയിലുള്ള വിശ്വാസം കൊണ്ടും ഈ നോവല്‍ നമ്മുടെ കാലഘട്ടത്തിന്റെ കൃത്യമായ പരിച്ഛേദമായി മാറുന്നു. വലിയ ക്യാന്‍വാസില്‍ ജീവിതചിത്രങ്ങള്‍ വരയ്ക്കാനുള്ള സഹജവാസന ഈ എഴുത്തുകാരനില്‍ നിന്ന് കൂടുതല്‍ കൃതികള്‍ പ്രതീക്ഷിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഇരുട്ടും വെളിച്ചവും കൊണ്ടെഴുതിയ ഈ നോവല്‍ വായനക്കാരെ ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും, ഒടുവില്‍ പ്രത്യാശയിലേക്കു ആനയിക്കുകയും ചെയ്യുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here