ഉത്രാളിപ്പൂരം ഇന്ന്: വൈവിധ്യങ്ങള്‍ ഒരുക്കാന്‍ ദേശങ്ങള്‍

0
30

വടക്കാഞ്ചേരി : മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളി പൂരം ഇന്ന് . വടക്കാഞ്ചേരി , കുമരനെല്ലൂര്‍ , എങ്കക്കാട് ദേശങ്ങള്‍ മത്സരിച്ചൊരുക്കുന്ന പൂരകാഴ്ചകള്‍ ഒരു ജനതയുടെ ആവേശ നിമിഷങ്ങളാകും.
ഞായറാഴ്ച മൂന്ന് ദേശങ്ങളും സംയുക്തമായൊരുക്കിയ ആല്‍ത്തറ മേളവും, വടക്കാഞ്ചേരി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും, ആയിരങ്ങള്‍ക്ക് സുന്ദര കാഴ്ച്ചയായി . കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം.
ഹൈക്കോടതി അനുമതി യോടെ നടക്കുന്ന വെടിക്കെട്ട് മൂന്ന് തവണയായാണ് നടത്തുന്നത്. സാമ്പിള്‍ ദിനമായ ഞായറാഴ്ച വടക്കാഞ്ചേരി ദേശം കരിമരുന്ന് കത്തിച്ചപ്പോള്‍ പൂര ദിനമായ ഇന്ന് എങ്കക്കാട് ദേശവും നാളെ പുലര്‍ച്ചെ കുമര നെല്ലൂര്‍ ദേശവുമാണ് വെടിക്കെട്ട് കത്തിയ്ക്കുക.
ഇന്നലെ വൈകീട്ട് മൂന്ന് ദേശത്തിന്റേയും ചമയ പ്രദര്‍ശനം നടന്നു. കുമരനെല്ലൂര്‍ ഓട്ടുപാറ കുന്നും കുളം റോഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലും, വടക്കാഞ്ചേരി കരു മരക്കാട് ശിവക്ഷേത്ര പരിസരത്തും, എങ്കക്കാട് ദേവീ സന്നിധിയിലുമാണ് പ്രദര്‍ശനം ഒരുക്കിയത്.
6.30ന് ശിവക്ഷേത്ര മണ്ഡപത്തില്‍ ദക്ഷിണ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം അശ്വതിയും സംഘവും അവതരിപ്പിയ്ക്കുന്ന രാമായണ നൃത്തശില്പം നൃത്ത പരിപാടിയും ഉണ്ടാകും. 8 ന് പത്മശ്രീ കലാ മണ്ഡലം ഗോപിയാശാനും സംഘവും അവതരിപ്പിയ്ക്കുന്ന ദുര്യോധന വധം കഥകളിയും നടന്നു. എങ്കക്കാട് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗജവീരന്‍ തിരുവമ്പാടി ചന്ദ്രശേഖരന് സ്വീകരണവും നല്‍കി. നൃത്ത പരിപാടികള്‍, തൃശൂര്‍ നിശാഗന്ധിയുടെ ഗാനമേള എന്നിവയോടൊപ്പം തായമ്പകയും നടന്നു. ഇന്ന് കാലത്ത് 11 ന് എങ്കക്കാട് ദേശമാണ് ആദ്യം പൂര ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്ക്കുക.
ദീര്‍ഘനാള്‍ ദേശത്തിന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച കുങ്കുമത്ത് പരമേശ്വരന്‍ നായരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന ഉപഹാരം പഞ്ചവാദ്യ തിമില വാദ്യ കലാകാരന്‍ കുനിശ്ശേരി അനിയന്‍ മാരാര്‍ക്ക് സമ്മാനിയ്ക്കും. ഹരിജന്‍ വേലകളും കാവ് കയറുന്നതോടെ പൂരാരവം ഇരട്ടിയാവും. ഭഗവതി പൂരത്തിന് ശേഷം 7.30 നാണ് കരിമരുന്ന് പ്രയോഗം. ബുധനാഴ്ച കാലത്ത് 9.30 ന് നടക്കുന്ന പൊങ്ങലിടിയ്ക്ക് ശേഷമാണ് ഉപചാരം ചൊല്ലി പിരിയുക .കുമരനെല്ലൂര്‍ ദേശം ഉച്ചയോടെ തട്ടകത്ത് നിന്ന് ഉത്രാളികാവിലേക്ക് ഗജഘോഷയാത്ര നടത്തും. ബുധനാഴ്ച പുലര്‍ച്ചെയാണ് ദേശ കരിമരുന്ന് പ്രയോഗം. വടക്കാഞ്ചേരി വിഭാഗത്തിന്റെ നടപ്പുര പഞ്ചവാദ്യം 12 ന് ശിവക്ഷേത്ര സന്നിധിയില്‍ നടക്കും. തുടര്‍ന്നാണ് തോക്കേന്തിയ രണ്ട് പൊലിസുകാരുടെ അകമ്പടിയോടെ രാജകീയ പ്രൗഢിയോടെ യാണ് എഴുന്നള്ളിപ്പ്. 4 ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും, കുടമാറ്റവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here