ഉത്സവക്കാഴ്ചയുടെ മികവില്‍ ആരവം തീര്‍ത്ത് ഉത്രാളിപ്പൂരം

0
7
ഉത്രാളിക്കാവ് പൂരത്തിനോടനുബന്ധിച്ച് വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂര്‍ വിഭാഗങ്ങളുടെ എഴുന്നെള്ളിപ്പ്.

വടക്കാഞ്ചേരി: ഉത്സവ പ്രേമികളുടെ ആരവത്തിലമര്‍ന്ന് ഉത്രാളി പൂരം വര്‍ണാഭമായി. നാട്ടാന സൗന്ദര്യത്തിന്റെചൂരും, വാദ്യഗോപുരത്തിന്റെ മികവും, കരിമരുന്നാരവത്തിന്റെ ആകാശ കാഴ്ച്ചകളും മതിവരുവോളം ആസ്വദിച്ചു ഉത്സവ പ്രേമികള്‍.
ഇന്നലെ കാലത്ത് 11.30 ന് എങ്കക്കാടാണ് വാദ്യഘോഷങ്ങള്‍ ആദ്യം മുഴക്കിയത്. ദേശത്തിന്റെ പൂര ചടങ്ങുകള്‍ക്ക് വര്‍ഷങ്ങളോളം നേതൃത്വം വഹിച്ച കുങ്കുമത്ത് പരമേശ്വരന്‍ നായരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കലാകാരന്മാര്‍ക്കുള്ള പുരസ്‌ക്കാരം തിമില വാദ്യകലാകാരന്‍ കുനിശ്ശേരി അനിയന്‍ മാരാര്‍ക്ക് നല്‍കി ആദരിച്ചു.
പ്രസിഡണ്ട് വി. സുരേഷ് കുമാര്‍ ( തുളസി കണ്ണന്‍) , സെക്രട്ടറി പി. ആര്‍. സുരേഷ് കുമാര്‍ ( മണികണ്ഠന്‍), തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുനിശ്ശേരി അനിയന്‍മാരാരുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ 11 കരിവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് ദേവീ സന്നിധിയെ ആവേശകൊടുമുടിയേറ്റി. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി.
വടക്കാഞ്ചേരി ദേശത്തിന്റെ പൂര ചടങ്ങുകള്‍ പട്ടണത്തിലെ ഗജഘോഷയാത്രയ്ക്ക് ശേഷം ശിവക്ഷേത്രനട പുരയിലെ വിശ്വ പ്രസിദ്ധമായ നടപ്പുര പഞ്ചവാദ്യത്തോടെയാണ് ആരംഭിച്ചത്. ഇടതും, വലത്തും , തോക്കേന്തിയ പൊലിസ് ഓഫീസര്‍ മാരുടെ അകമ്പടിയോടെ രാജകീയ പ്രൗഢിയിലായിരുന്നു ഉത്രാളികാവിലേയ്ക്കുള്ള ദേശയാത്ര.പാമ്പാടി രാജന്‍ ദേശത്തിന്റെ തിടമ്പേറ്റി.
പ്രസിഡണ്ട് ടി. ജി. അശോകന്‍, സെക്രട്ടറി എം. എസ്. നാരായണന്‍, നേതൃത്വം നല്‍കി. കുമരനെല്ലൂര്‍ ദേശം തട്ടകത്ത് നിന്ന് ഉത്രാളികാവിലേയ്ക്ക് നടത്തിയ ഗജഘോഷയാത്ര ദേശ പ്രൗഢിയുടെ പ്രതീകമായി. പുതുപ്പള്ളി കേശവന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയ്‌ക്കൊപ്പം ദേശം ഒന്നാകെ ഓംകാരാരവം മുഴക്കി ദേവിയെ വണങ്ങാന്‍ യാത്രയായ നിമിഷങ്ങള്‍ ആവേശാരവമായി.
പ്രസിഡണ്ട് എ. കെ. സതീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ. പി. പ്രശാന്ത് നേതൃത്വം നല്‍കി. വൈകീട്ട് നാലോടെ മൂന്ന് ദേശങ്ങളുടേയും മേളവും, എഴുന്നള്ളിപ്പും ആരംഭിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, സതീശന്‍ മാരാര്‍, വെള്ളിത്തിരുത്തി ഉണ്ണി നായര്‍, എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദേശങ്ങളുടെ മേളം നടന്നത്. 6 മണിക്ക് വര്‍ണ്ണക്കാഴ്ചകള്‍ സമ്മാനിച്ച് കൂട്ടി എഴുന്നള്ളിപ്പും തുടര്‍ന്ന് കുടമാറ്റവും , ഭഗവതി പൂരവും നടന്നു .ഏഴരയോടെ നടന്ന എങ്കക്കാട് ദേശത്തിന്റെ വെടിക്കെട്ട് കാണികളില്‍ വിസ്മയം തീര്‍ത്തു. തുടര്‍ന്ന് തായമ്പക, കേളി, കൊമ്പു പറ്റ് നടന്നു. വടക്കാഞ്ചേരി വിഭാഗം കുമരക്കാട് ശിവക്ഷേത്രത്തില്‍ സംഘടിപ്പിച്ച കേളി, തായമ്പക, ഭക്തിഗാനമേള എന്നിവ നടന്നു. രാത്രി പൂരം ആവര്‍ത്തനവും ഉണ്ടായി. കുമരനെല്ലൂരിന്റെ വെടിക്കെട്ട് ഇന്ന് കാലത്ത് നടക്കും. 9ന് കൂട്ടി എഴുള്ളിപ്പിന് ശേഷം ഭഗവതിപുരവും എങ്കക്കാടിന്റെ പൊങ്ങലിടിയും നടന്നു. ഇതിന് ശേഷം വെളിച്ചപ്പാട്കല്‍പ്പന നല്‍കി. തുടര്‍ന്നാണ് പൂരം ഉപചാരം ചൊല്ലി പിരിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here