മലമ്പുഴയില്‍ വന്‍ കാട്ടുതീ; കൂടുതല്‍ വനമേഖലയിലേക്ക് വ്യാപിക്കുന്നു

0
3

പാലക്കാട്: മലമ്പുഴ മലനിരകളില്‍ കൂമ്പാച്ചിമലയിലും പരിസരങ്ങളിലുമുണ്ടായ കാട്ടുതീ രാത്രി കൂടുതല്‍ വനമേഖലയിലേക്കു വ്യാപിച്ചു. ഇന്നു പുലര്‍ച്ചെ വരെയും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
കാട്ടാനകളുടെ സ്ഥിരം സഞ്ചാര മേഖലയിലാണു തീ പടരുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കൂമ്പാച്ചിമലയുടെ ഒരു ഭാഗം ജനവാസ മേഖലയും മറുവശം തെക്കേ മലമ്പുഴയുമാണ്. ഉള്‍വനം കത്തുന്നതിനാല്‍ കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുമോ എന്ന ഭീതിയും ഉണ്ട്.
ഇന്നലെ രാവിലെയാണു വനമേഖലയില്‍ തീ പടരുന്നതു ശ്രദ്ധയില്‍പെട്ടത്. തീ പടര്‍ന്നത് എങ്ങനെയെന്നു വ്യക്തമല്ല. എങ്ങനെ നിയന്ത്രിക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്. കാട്ടുതീ വന്‍തോതില്‍ പടരുന്നതിനാല്‍ വനം ഉദ്യോഗസ്ഥര്‍ക്കു പരിസരത്തേക്ക് അടുക്കാനായിട്ടില്ല. താഴെ ജനവാസ മേഖലയിലേക്കു തീ പടരുന്നത് ഒഴിവാക്കാന്‍ ഇന്നു രാവിലെ മുതല്‍ ശ്രമം ആരംഭിക്കും. പൊലീസും അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിചയ സമ്പന്നരായ പ്രദേശവാസികളുടെ സഹായംകൂടി ഉപയോഗപ്പെടുത്തി തീ നിയന്ത്രണ വിധേയമാക്കാനാണ് ആലോചിക്കുന്നത്. മലയുടെ മുകള്‍ വശമായതിനാല്‍ അഗ്‌നിരക്ഷാ സേനയ്ക്കും കാര്യമായി ഒന്നും ചെയ്യാനാകില്ല. ധോണി മലനിരകളിലേക്കുകൂടി തീ വ്യാപിക്കുമോ എന്നും ആശങ്കയുണ്ട്.
മലമുകളില്‍ പച്ചപ്പ് തീരെ ഇല്ലാത്തതാണ് അപകടം വിതയ്ക്കുന്നത്. ജില്ലയുടെ വനമേഖലയില്‍ ചെറിയ തോതില്‍ തീ പടര്‍ന്നിരുന്നെങ്കിലും വനംവകുപ്പ് അതെല്ലാം യഥാസമയം നിയന്ത്രിച്ച് അപകടം ഒഴിവാക്കി. വാളയാര്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം പടര്‍ന്ന തീ 2 മണിക്കൂറിനകം വനം ഉദ്യോഗസ്ഥര്‍ നിയന്ത്രണ വിധേയമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here