പൊന്നാനി എന്‍ സി പിക്ക് നല്‍കിയേക്കും; എന്‍ എ മുഹമ്മദ്കുട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത

0
11

സ്വന്തം ലേഖകന്‍
മലപ്പുറം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭാമണ്ഡലം എന്‍ സി പിക്ക് നല്‍കാനുള്ള സാദ്ധ്യയേറി. ഇതുസംബന്ധിച്ച് എന്‍ സി പി ദേശീയാദ്ധ്യക്ഷന്‍ സി പി എമ്മിന് കത്തുനല്‍കിയതായാണ് വിവരം.
പത്തനംതിട്ടയോ പൊന്നാനിയോ കിട്ടണമെന്നാണ് എന്‍ സി പി ആദ്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ അസംബ്ലി മണ്ഡലങ്ങളും യു ഡി എഫിനൊപ്പം നിന്ന പത്തനംതിട്ട അസംബ്ലിതിരഞെടുപ്പില്‍ എല്‍ ഡി എഫിനെയാണ് തുണച്ചത്.
എന്നാല്‍ എന്‍ എസ് എസിന് മണ്ഡലത്തിലുള്ള സ്വാധീനവും ശബരിമല വിഷയവും പ്രതികൂലമാകുമെന്ന ഭയമാണ് ഒത്തുപിടിച്ചാല്‍ വിജയസാദ്ധ്യതയുള്ള പൊന്നാനി പിടിക്കാന്‍ എന്‍ സി പിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ തവനൂര്‍, തൃത്താല, പൊന്നാനി അസംബ്ലി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. അസംബ്ലി തിരഞ്ഞടുപ്പില്‍ തൃത്താല എല്‍ഡിഎഫിനെ കൈവിട്ടെങ്കിലും താനൂരില്‍ അട്ടിമറിവിജയം നേടി. മാത്രമല്ല, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളില്‍ യു ഡി എഫ് ഭരിപക്ഷം വളരെ കുറഞ്ഞതും എന്‍ സി പി കണക്കിലെടുക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങളില്‍ നടത്തിയ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് എന്‍ സി പി കരുതുന്നു. ഇതാണ് പൊന്നാനിയില്‍ പിടിമുറുക്കാന്‍ എന്‍സിപിയെ പ്രേരിപ്പിക്കുന്നത്.
സീറ്റ് ലഭിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എന്‍ സി പി ദേശീയ സെക്രട്ടറിയും വ്യവസായിയുമായ എന്‍ എ മുഹമ്മദ്കുട്ടിക്കാകും പ്രഥമ പരിഗണന നല്‍കുക എന്നാണറിയുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ക്കെതിരെ മത്സരിച്ച പരിചയസമ്പത്ത് മമ്മൂട്ടിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി കരുതുന്നു.
2011 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേടിയ ഭൂരിപക്ഷം 35902 ആയിരുന്നു.
ഇത് 2014ല്‍ 15042 ആയി കുറയ്ക്കാന്‍ മുഹമ്മദ്കുട്ടിക്കായത് മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടുകൂടിയാണ്. ഇതും എന്‍ സി പി നേതൃത്വം കണക്കിലെടുക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിനൊപ്പം സി.പി.എമ്മും ചേര്‍ന്നിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനമുളള നാസിക്ക്, താനെ, പാല്‍ഖര്‍, അഹമ്മദ് നഗര്‍, ഷോലാപ്പൂര്‍ ജില്ലകളിലെ രണ്ട് സീറ്റുകള്‍ സി പി എമ്മിന് നല്‍കാന്‍ എന്‍ സി പി സമ്മതിച്ചിട്ടുണ്ട്. ഇതിനുപകരം ആണ് കേരളത്തില്‍ സീറ്റ് ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന് തുറന്ന പിന്തുണ നല്‍കാമെന്നം സിപിഎം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരം സഖ്യം സംബന്ധിച്ച് തീരുമാനമാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here