മണല്‍ കടത്ത് വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകനെ ആള്‍കൂട്ട വിചാരണ നടത്തി; വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു

0
23
അനധികൃതമായി വാരിക്കൂട്ടിയ മണല്‍.

ആലത്തൂര്‍: പ്രളയത്തില്‍ ഒഴുകിയെത്തിയ മണല്‍ തൊഴിലുറപ്പില്‍ വാരിക്കൂട്ടിയത് കടത്താന്‍ ശ്രമിച്ചത് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ ആള്‍കൂട്ട വിചാരണ നടത്തി.വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശം അടിക്കുറുപ്പോടെ പ്രചരിപ്പിക്കുന്നു.
നെന്മാറ ഗ്രാമപഞ്ചായത്തിലെ വിത്തനശ്ശേരി കണ്ണോടുള്ള വെള്ളച്ചാലിലെ മണലാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ചാലില്‍ നിന്ന് വാരി മുകളിലേക്കിട്ടത്. ഇത്തരത്തില്‍ വാരിയിട്ട മണല്‍ ചാക്കുകളിലാക്കിയ ശേഷം കടത്താനുള്ള ശ്രമം നടന്നു.
ഇത് സംബന്ധിച്ച് പ്രദേശവാസി വല്ലങ്ങി വില്ലേജ് ഓഫീസില്‍ പരാതി നല്‍കി. പരാതി പ്രകാരം വല്ലങ്ങി വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും, ഇനി മണല്‍ ആരും എടുക്കരുതെന്നും, നിര്‍മ്മിതികേന്ദ്രത്തിന് കൈമാറുമെന്നും അറിയിച്ചു.
ഈ സംഭവം വാര്‍ത്തയാവുകയും ചെയ്തു. ഇതിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകനെ പഞ്ചായത്തോഫീസില്‍ വിളിച്ചുവരുത്തിയും, പിന്നീട് മണല്‍ വാരിയ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി തടഞ്ഞുവച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അന്‍പതിലധികം പേര്‍ ചേര്‍ന്ന് വിചാരണ നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, അംഗങ്ങളും, സി.പി.എം, ഡി.വൈ.എഫ്.ഐ., കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തടഞ്ഞ് വിചാരണ നടത്തിയത്. പരാതി നല്‍കിയവരുടെ വിവരവും, ചിത്രങ്ങള്‍ എടുത്തു നല്‍കിയവരുടെ വിവരവും നല്‍കാതെ ഇവിടെ നിന്ന് തിരിച്ചുപോകാന്‍ കഴിയില്ലെന്ന ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് സി.പി. എമ്മിന്റെ നേതൃത്വത്തിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും, ഫേസ് ബുക്ക് പേജുകളിലും, മോശമായ അടിക്കുറുപ്പുകള്‍ നല്‍കി പ്രചരിപ്പിക്കുന്നത്. ഇതിനിടെ സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയവരുടെ പേരും, പരാതിയില്‍ പറയുന്ന കാര്യങ്ങളും പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ പരാതി നല്‍കിയ സ്ത്രീക്കെതിരെയും ഭീഷണിയുണ്ടായിരിക്കുകയാണ്.
വെള്ളച്ചാലില്‍ നിന്ന് വാരി പുറത്തെടുത്ത മണല്‍ ചാക്കിലാക്കിയത് എന്തിനാണെന്നുള്ളതിന് മറുപടി നല്‍കാന്‍ ഇനിയും തയ്യാറായിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാര്‍ട്ടിയിലെ ഏരിയാ കമ്മിറ്റിയംഗവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാധ്യമപ്രവര്‍ത്തനെ തടഞ്ഞ് വെച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടിയിലും ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പ തിരിമറിയിലൂടെ 74 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ വാര്‍ത്ത നല്‍കിയപ്പോഴും ഈ മാധ്യമ പ്രവര്‍ത്തകനെതിരെ വധഭീഷണി ഉയര്‍ത്തി നെന്മാറ പാര്‍ക്ക് മൈതാനിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസംഗിച്ചിരുന്നു. വായ്പ തിരിമറി സി.പി.എം.പാര്‍ട്ടി കമ്മീഷനെ വെച്ച് അന്വേഷിക്കുകയും കുടുംബശ്രീ ചെയര്‍പേഴ്‌സണും, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
മാധ്യമ പ്രവര്‍ത്തകനെ തടഞ്ഞ് ഭീഷണിപ്പെടുത്തി വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here