സംസ്ഥാനത്ത് കന്നുകാലി സെന്‍സസ് ഇന്നു മുതല്‍

0
40

സ്വന്തം ലേഖകന്‍
മലപ്പുറം: സംസ്ഥാനത്ത് കന്നുകാലികളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. മുന്‍കാല രീതിയില്‍ നിന്നും വ്യത്യസ്ഥമായി ശാസ്ത്രീയമായ രീതിയില്‍ ആധുനിക സോഫ്ട് വെയറിന്റെ സഹായത്തോടെയാണ് കണക്കെടുപ്പ് നടക്കുക.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കന്നുകാലി സെന്‍സസില്‍ കഴിഞ്ഞ തവണവരെ എണ്ണം മാത്രമാണ് ശേഖരിച്ചിരുന്നത്. എന്നാല്‍ മൃഗപരിപാലന-മത്സ്യോല്പാദന മേഖലകളില്‍ പഞ്ചായത്ത്-നഗരസഭാതലങ്ങളില്‍ വാര്‍ഡ് തിരിച്ച് സമഗ്രമായ വിവരശേഖരണമാണ് ഇത്തവണ നടക്കുക. ഉത്പാദനശേഷിയും, മറ്റ് പ്രത്യേകതകളും കണക്കിലെടുത്തുള്ള ബ്രീഡ് സര്‍വെയാണ് ഉദ്ദേശിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വിവരങ്ങള്‍ ശേഖരിക്കുക. കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലെ പക്ഷി മൃഗാദികളുടേയും, മത്സ്യകൃഷിയുടേയും ഇനം തിരിച്ചുള്ള കണക്കുകളാണ് ശേഖരിക്കുന്നത്. ഇതിനായി മൃഗസംരക്ഷണവകുപ്പ് 31 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ അതാതുദിവസം തന്നെ ഇന്റര്‍നെറ്റ് വഴി അപ് ലോഡ് ചെയ്യും. പക്ഷിമൃഗാദികള്‍ ഇല്ലാത്ത കുടുംബങ്ങളിലെ അടിസ്ഥാന വിവര ശേഖരണവും ഇതോടൊപ്പം നടക്കുന്നതിനാല്‍ ഭാവിയിലെ പദ്ധതി ആസൂത്രണത്തിനും, നടത്തിപ്പിനും ഇത് സഹായകമായിരിക്കും.
രാജ്യത്ത് ആകമാനം കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ തന്നെ കന്നുകാലി സെന്‍സസ് ആരംഭിച്ചിരുന്നു. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് സെന്‍സസ് അവസാനിക്കുക.
പ്രളയവും തുടര്‍ന്നുണ്ടായ ദുരിതങ്ങളും മൂലമാണ് കേരളത്തില്‍ കണക്കെടുപ്പ് വൈകിയത്. മെയ് മുപ്പത്തിയൊന്നിനാണ് കേരളത്തിലെ കണക്കെടുപ്പ് അവസാനിക്കുക.
മലപ്പുറം ജില്ലയില്‍ 94 പഞ്ചായത്തുകളിലായി 1778 വാര്‍ഡുകളും, 12 നഗരസഭകളിലായി 479 വാര്‍ഡുകളുമാണുള്ളത്. 2011 ലെ കാനേഷുമാരി കണക്കെടുപ്പ് പ്രകാരം ജില്ലയില്‍ 7,93,999 കുടുംബങ്ങള്‍ ഉണ്ട്.
എട്ട് വര്‍ഷത്തിനകം ഇതില്‍ പത്തുശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടാകുമെന്നാണ് നിഗമനം. ഈ കുടുംബങ്ങളിലെ വിവരശേഖരണത്തിനായി 219 ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ എന്യുമറേറ്റര്‍മാരായും, 118 വെറ്ററിനറി ഡോക്ടര്‍മാരെ സൂപ്പര്‍വൈസര്‍മാരായും നിയമിച്ച് പരിശീലനം നല്‍കിക്കഴിഞ്ഞു.
സെന്‍സസിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ വസതിയില്‍ വെച്ച് വിവരശേഖരണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here