എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം, കല്ലേറ്, ലാത്തിചാര്‍ജ്

0
7
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് – യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്

മലപ്പുറം: സി സോണ്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ ആക്രമിച്ചെന്നു ആരോപിച്ചു കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് – യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിയടിയിലും ഓടുന്നതിനിടെ വീണും നിരവധി എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പിന്നീട് പൊലീസിന് നേരെ കല്ലേറ് നടത്തി. കല്ലേറില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ രാഗേഷിനും ദേശാഭിമാനി ലേഖകനും പരുക്കേറ്റു. മനോരമ ന്യൂസിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി. കലോത്സവ വേദിയിലെ കവാടങ്ങളും തോരണങ്ങളും കത്തിച്ചു. കോഴിക്കോട് – തൃശൂര്‍ പാതയില്‍ ഏറെ നേരം ഗതാഗതം നിലച്ചു.

സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്ത സംഭവവുമായി ബന്ധപ്പെട്ടാണ് എംഎസ്എഫ് പ്രവര്‍ത്തകരും എസ് എഫ് ഐയും തമ്മില്‍ തര്‍ക്കമുണ്ടായത്. 166 വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുമായി വ്യാഴാഴ്ച്ച എം എസ് എഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഉത്തരവ് കൈപ്പറ്റാന്‍ വൈസ് ചാന്‍സലര്‍ കൂട്ടാക്കിയില്ലെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്. ഇതേ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഇതിനു ശേഷമാണ് ക്യാംപസില്‍ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാരും രണ്ട് എംഎസ്എഫ് പ്രവര്‍ത്തകരും സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ചില്‍ അക്രമം ഉണ്ടാകും എന്ന വിവരത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം തന്നെ ക്യാംപസില്‍ എത്തിയിരുന്നു. മാര്‍ച്ചില്‍ വന്‍ തോതില്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം ക്യാംപസ് കടന്ന് പുറത്തേക്ക് വ്യാപിച്ചു. പ്രകടനം അക്രമാസക്തമായതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയായിരുന്നു. പിന്നീട് സര്‍വകലാശാലക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇതോടെ ക്യാംപസില്‍ നടക്കുന്ന കലോത്സവം അലങ്കോലമായി.

LEAVE A REPLY

Please enter your comment!
Please enter your name here