ഉടമയും കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളി: റോഡുപണിയുടെ മറവില്‍ പാടം പറമ്പാക്കിയെന്ന്

0
12
റോഡ് പണിയുടെ മറവില്‍ പാടത്ത് കൂട്ടിയിരിക്കുന്ന മണ്ണ്.

കൊടകര: റോഡുപണിയുടെ മറവില്‍ കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ മണ്ണിട്ട് നികത്തി പാടം പറമ്പാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കൊടകര വെള്ളിക്കുളങ്ങര റോഡിനോട് ചേര്‍ന്ന് അവിട്ടപ്പിള്ളിക്കും ചുങ്കാലിനുമിടയിലെ പാടമാണ് റോഡുപണിയുടെ മറവില്‍ മണ്ണിട്ട് നികത്തിയത്. ഈ റോഡിന്റെ രണ്ടാംഘട്ട മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി ഒരുവര്‍ഷം മുമ്പാണ് വാസുപുരം കോടാലി റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി റോഡില്‍ നിന്നെടുത്ത മണ്ണ് നിക്ഷേപിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടത്താണ്. ടിപ്പറുകളില്‍ എത്തിക്കുന്ന നൂറുകണക്കിന് ലോഡ് മണ്ണാണ് സ്വകാര്യവ്യക്തിയുടെ പാടത്ത് കുന്നുകൂട്ടി ജെസിബി ഉപയോഗിച്ച് നിരത്തിയത്. ഇതിനുമുമ്പും ഇവിടെ പാടം നികത്തിയിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഈ സ്ഥലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ കലാവിരുന്നിന്റെ ഭാഗമായും റോഡിനോട് ചേര്‍ന്ന കുറച്ചു ഭാഗം മണ്ണിട്ട് നികത്തിയിരുന്നു. പാടം നികത്തിയ മണ്ണ് എടുത്ത് പൂര്‍വസ്ഥിതിയിലാക്കാന്‍ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് പൊതുപരിപാടിയുടെ മറവില്‍ നികത്തിയതില്‍ ബാക്കിയുള്ള സ്ഥലത്താണ് റോഡ് പണിയുടെ മറവില്‍ മണ്ണ് അടിച്ച് നികത്തിയത്. ഇങ്ങനെ പലതവണകളായി പൊതു ആവശ്യത്തിന്റെ മറവില്‍ പാടം നികത്തിയെടുക്കുകയാണ് സ്ഥലമുടമയുടെ ലക്ഷ്യമെന്നാണ് ആക്ഷേപം.
പാടത്ത് കുന്നുകൂട്ടിയിരിക്കുന്ന മണ്ണ് തിരിച്ചെടുക്കണമെന്നും ഇതിന്റെ പുറകില്‍ പാടം നികത്താനുള്ള സാഹചര്യം അധികാരികളുടെ ഒത്താശയോടെ നടത്തരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഈ പാടത്ത് നിക്ഷേപിക്കുന്ന മണ്ണ് എത്ര ലോഡ് ഉണ്ടെന്നതിന് കൃത്യമായ കണക്കുണ്ടെന്നും റോഡുപണിക്ക് ആവശ്യമായ മണ്ണ് എടുത്തശേഷം ബാക്കി വരുന്നത് ലേലത്തിന് വച്ച് വില്‍ക്കുമെന്നുമാണ് റോഡ് പണിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നത്.
എന്നാല്‍ നിക്ഷേപിച്ച മണ്ണ് കുന്നുകൂടി പുല്ലുപിടിച്ചതല്ലാതെ മണ്ണ് മാറ്റാനുള്ള യാതൊരു നടപടിയും ഉദ്യോഗസ്ഥരോ പഞ്ചായത്ത് അധികൃതരോ സര്‍ക്കാരോ ഇതുവരെ എടുത്തിട്ടില്ല.
എത്രയും വേഗം പാടത്തെ മണ്ണ് മാറ്റി പാടം പൂര്‍വസ്ഥിയിലാക്കണമെന്നും പാടം നികത്തുന്നതിന് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മറ്റത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ലിന്റൊ പള്ളിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here