കാട്ടുകൊമ്പന്‍മാര്‍ വിലസുന്ന കൃഷിയിടങ്ങള്‍; നിലനില്‍പിനായി കേഴുന്ന കര്‍ഷകര്‍

0
28

കല്‍പ്പറ്റ: ജില്ലയിലെ പ്രമുഖ കുടിയേറ്റ കാര്‍ഷിക കേന്ദ്രങ്ങളായ നടവയല്‍, കേണിച്ചിറ, നെയ്ക്കുപ്പ, കായക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു കാലത്ത് കൃഷിയുടെ സമൃദ്ധി നിറഞ്ഞ് നിന്നെങ്കില്‍ ഇന്നത്തെ കര്‍ഷകര്‍ക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥന കഥകളാണ്.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന കര്‍ഷകര്‍ക്ക് കൂനിന്‍മേല്‍ കുരുപോലെയാണ് വന്യമൃഗശല്യം അനുഭവപ്പെടാന്‍ തുടങ്ങിയത്. കുടിയേറ്റ കാലത്ത് പോലും അനുഭവപ്പെടാത്ത തരത്തില്‍ ഇന്ന് ആനയും കുരങ്ങും കാട്ടുപന്നിയും കടുവയും മയിലും മാനും എന്ന് വേണ്ട സര്‍വത്ര മൃഗങ്ങളും കര്‍ഷകരുടെ കൃഷിയിടത്തില്‍ തമ്പടിക്കുന്ന കാഴ്ച്ചയാണ് എങ്ങും ഉള്ളത്. പനമരം,
പൂതാടി പഞ്ചായത്തുകളുടെ ഒരു ഭാഗം മുഴുവന്‍ അതിര്‍ത്തി പങ്കിടുന്നത് വനമാണ്. ഇക്കാരണം കൊണ്ട് തന്നെ വന്യമൃഗങ്ങള്‍ ഏത് സമയവും നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ ചവിട്ടിമെതിക്കും. ഇപ്പോഴാവട്ടെ കിലോമീറ്റര്‍ താണ്ടി ജനവാസ കേന്ദ്രങ്ങളിലും കാട്ടാനകള്‍ എത്തുന്നു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗവും വനം വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ കിടങ്ങ് നിര്‍മ്മിച്ചുവെങ്കിലും ഇത് അറ്റകുറ്റപണികള്‍ നടത്താത്തത്മൂലം ആനകള്‍ ഇടിച്ചു നിരത്തി.
പൂതാടി പഞ്ചായത്തിലെ കേളമംഗലം, അയനി മല, എടക്കാട്, ചീങ്ങോട്, പേരൂര്‍ നെയ്കുപ്പ കക്കോടന്‍ബ്ലോക്ക്, ചെഞ്ചടി, പനമരം പഞ്ചായത്തിലെ ചെക്കിട്ട, ആലുങ്കല്‍ താഴെ, ചീരവയല്‍, പാതിരിയമ്പം, മണല്‍വയല്‍, പുഞ്ചവയല്‍ എന്നിവടങ്ങിലാണ് അതിരൂക്ഷമായി കാട്ടാനശല്ല്യം അനുഭവപ്പെടുന്നത്. വനാതിര്‍ത്തിയില്‍ കുറച്ച് ദൂരത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മിച്ചുവെങ്കിലും നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ആനകള്‍ ഇത് ചാടികടന്നും കൃഷിയിടത്തിലേക്ക് എത്തുന്നു.
ചതുപ്പ് ഭാഗത്ത് ഭിത്തി നിര്‍മ്മാണം നടത്തിയിട്ടില്ല. വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും മരങ്ങള്‍ മറിച്ചിട്ടും ആനകള്‍ വേലികള്‍ തകര്‍ക്കുന്നു.
പകലന്തിയോളം പണിയെടുത്ത് നട്ടുനനച്ചുണ്ടാക്കിയ കര്‍ഷകരുടെ അധ്വാനഫലം ഒറ്റ രാത്രി കൊണ്ടാണ് നശിപ്പിക്കപ്പെടുന്നത്. തെങ്ങ്, കമുക്, വാഴ, കാപ്പി, ഇഞ്ചി, നെല്ല് ഒന്നും കൃഷിക്കാര്‍ക്ക് വിളവെടുക്കാന്‍ കിട്ടില്ല. എല്ലാം വന്യമൃഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
സഹികെട്ട ജനങ്ങള്‍ സംഘടിച്ച് നിരവധി നിവേദനങ്ങള്‍, സമരങ്ങള്‍, പക്ഷോഭങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അപ്പോഴും വന്യമൃഗങ്ങള്‍ നാട്ടില്‍ തന്നെ. ഗതിമുട്ടി ജീവിക്കാന്‍ കഴിയാത്ത കണ്ണുനീരിന്റെ നനവുള്ള കഥകള്‍ മാത്രമാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. ഇനിയെന്ത് എങ്ങനെ ജീവിക്കും എന്ന ആശങ്കയില്‍ ജനങ്ങള്‍ കഴിയുകയാണ്. സമരങ്ങള്‍ നടത്തി തല്‍ക്കാലം ചില ഉറപ്പുകള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെങ്കിലും സമരം അവസാനിപ്പിക്കുന്നതോടെ വീണ്ടും ശങ്കരന്‍ തെങ്ങേല്‍ എന്നതാണ് വകുപ്പിന്റെ അവസ്ഥ. ദാസനക്കര മുതല്‍ കേളമംഗലം വരെ വനാതിര്‍ത്തിയില്‍ ഏതെങ്കിലും ഒരു വന്യമൃഗം ദിവസവും നാട്ടില്‍ ഇറങ്ങിയിരിക്കും. ആഴ്ച്ചകള്‍ക്ക് മുമ്പ് കേളമംഗലം വനത്തില്‍ നിന്നുമിറങ്ങിയ കാട്ടാനക്കൂട്ടം പ്രധാന റോഡുകള്‍ എല്ലാം മുറിച്ചുകടന്ന് കോളേരിവരെ എത്തി തോട്ടത്തില്‍ തമ്പടിച്ചിരുന്നു.
വന്യമൃഗശല്യം തടയാന്‍ ശാശ്വത പരിഹാര മാര്‍ഗങ്ങള്‍ ആണ് ഉണ്ടാവേണ്ടത്. കൃഷി നശിക്കുന്ന കൃഷികാരന് നഷ്ട്ട പരിഹാരം നല്‍കുന്നുണ്ടെങ്കിലും നാമമാത്രമായ സഹായങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. റെയില്‍ഫെന്‍സിംഗ്, കരിങ്കല്‍ ഭിത്തി, കൃത്യതയാര്‍ന്ന വൈദ്യുതി വേലി എന്നിവ സ്ഥാപിച്ച് വാച്ചര്‍മാരെ കാവലിനും നിറുത്തിയാല്‍ ഒരു പരിധി വരെ വന്യമൃഗശല്യം തടയാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. അതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here