പാലക്കുഴി വനത്തില്‍ തീ വ്യാപിക്കുന്നു

0
1

വടക്കഞ്ചേരി: പാലക്കുഴി റോഡിനോട് ചേര്‍ന്ന വനത്തില്‍ വ്യാപകമായ തീ. രണ്ട് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാവാത്ത വിധം ഉള്‍ക്കാടുകളിലേക്ക് നീങ്ങുകയാണ്.
തീയണക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഒളകര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
കാട്ടില്‍ നിന്നുള്ള തീ സ്വകാര്യ തോട്ടങ്ങളിലേക്ക് കയറാതിരിക്കാന്‍ തോട്ടം ഉടമകള്‍ ഫയര്‍ ലൈന്‍ നിര്‍മ്മിച്ച് രാവും പകലും കാവലിരിപ്പാണിപ്പോള്‍. സ്വകാര്യ തോട്ടത്തില്‍ നിന്നുള്ള തീ കാട്ടിലേക്ക് പടര്‍ന്നാല്‍ കേസ്സെടുക്കാന്‍ പാഞ്ഞെത്തുന്ന വനപാലകര്‍, കാട്ടില്‍ നിന്നും സ്വകാര്യ തോട്ടങ്ങളിലേക്ക് തീ പടരുന്‌പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വലിയ പ്രതിഷേധവും ഉയര്‍ത്തുന്നുണ്ട്. പാലക്കുഴി റോഡില്‍ മാത്രം താണിചുവട് മുതല്‍ നാല് കിലോമീറ്റര്‍ ദൂരം വനപ്രദേശം കത്തി നശിച്ചു.
ഇവിടുത്തെ ചെറു മരങ്ങളെല്ലാം അഗ്‌നിക്കിരയായി. ഉണങ്ങി നിന്നിരുന്ന വന്‍ മരങ്ങളില്‍ തീ കത്തിനില്‍ക്കുകയാണ്. മേഖലയിലാകെ പുകയും കാറ്റുമായി അടുത്തെത്താനാകാത്ത വിധമാണ് തീയുടെ താണ്ഡവം. ഉള്‍ക്കാട്ടിലെ മരങ്ങളില്‍ കയറിയ തീ ഇനി ഏറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കും. താണി ചുവട്കയറ്റത്തില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ കയറിയ തീ വടക്കഞ്ചേരി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അണച്ചു. കാടിനുള്ളില്‍ നിന്നാണ് തീ തുടങ്ങിയതെന്ന് പറയുന്നു. ആന ഉള്‍പ്പെടെ കാട്ടുമൃഗങ്ങള്‍ നിറഞ്ഞ പീച്ചി വന്യമൃഗസംരഷണ കേന്ദ്രത്തില്‍പ്പെടുന്നതാണ് ഈ വനപ്രദേശം. ഇത്രയും വ്യാപകമായി കാട് കത്താനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. വനാതിര്‍ത്തിയിലും മറ്റും ഫയര്‍ ലൈന്‍ നിര്‍മ്മിക്കാന്‍ കഴിയാതിരുന്നതും കാട്ടുതീ വലിയ നാശനഷ്ടമുണ്ടാക്കി. വനപാലകരും പ്രദേശവാസികളും തമ്മില്‍ നല്ല ബന്ധം ഇല്ലാത്തതും ഇത്തരത്തിലുള്ള വനനശീകരണത്തിന് വഴിവെക്കുമെന്ന് വനം വകുപ്പ് മേധാവികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here