വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത നിര്‍മാണം; കമ്പനിയുടെ ജീവനക്കാരെ വീണ്ടും കബളിപ്പിച്ച് അധികൃതര്‍

0
4

വടക്കഞ്ചേരി: വടക്കഞ്ചേരിമണ്ണുത്തി ആറുവരി ദേശീയപാത നിര്‍മാണകമ്പനിയിലെ ജീവനക്കാരെ വീണ്ടും കബളിപ്പിച്ച് കരാര്‍ കമ്പനി അധികൃതര്‍.
ശമ്പളകുടിശിക ആവശ്യപ്പെട്ട് കഴിഞ്ഞമാസം ആറിന് അനിശ്ചിതകാലസമരം തുടങ്ങിയ ജീവനക്കാര്‍ക്ക് കുടിശിക നല്കാന്‍ കഴിഞ്ഞമാസംതന്നെ പലതവണ തീയതികള്‍ മാറ്റിപറഞ്ഞ് ഏറ്റവും ഒടുവില്‍ ഇപ്പോള്‍ പറയുന്നത് ഈമാസം എട്ടിനകം ശമ്പളം നല്കുമെന്നാണ്.
ഒട്ടേറെ ഉറപ്പുകളും കരാര്‍ ലംഘനങ്ങളും നടത്തുന്ന കമ്പനിയുടെ പുതിയ ഉറപ്പിലും ജീവനക്കാര്‍ക്ക് വലിയ പ്രതീക്ഷയില്ലെങ്കിലും മറ്റുവഴികളൊന്നും ജീവനക്കാര്‍ക്ക് മുന്നിലില്ലാത്തതിനാല്‍ ചൂടും കഷ്ടപ്പാടും സഹിച്ചാണ് കരാര്‍ കമ്പനിയുടെ ചുവട്ടുപ്പാടത്തെ ഓഫീസ് പടിക്കല്‍ ജീവനക്കാര്‍ സമരം തുടരുന്നത്.
തുടക്കത്തില്‍ നൂറോളംപേര്‍ സമരത്തിനുണ്ടായിരുന്നെങ്കിലും ശമ്പളകുടിശിക നല്കുന്ന തീയതി ദീര്‍ഘിപ്പിച്ചതോടെ കുറച്ചുപേര്‍ അവരുടെ നാടുകളിലേക്ക് തിരിച്ചുപോയി.
ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കരാര്‍കമ്പനിയുടെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും.
ഇനി പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിയാതെ റോഡുപണിയും തുരങ്കപ്പാത നിര്‍മാണവും ആരംഭിക്കാനിടയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഉള്ളപണം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറക്കി കമ്പനി രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുമെന്നാണ് ഏറെക്കാലങ്ങളായി കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ ജൂണ്‍മാസം മുതല്‍ ഇവര്‍ക്ക് കമ്പനി ശമ്പളം നല്കിയിട്ടില്ല.
ശമ്പളം ആവശ്യപ്പെടുന്‌പോഴെല്ലാം പുതിയ തീയതികളും കാരണങ്ങളും നിരത്തി നീട്ടിക്കൊണ്ടുപോയി.
എട്ടുമാസമായി ശമ്പളമില്ലാത്തതിനാല്‍ ഇവരെ ആശ്രയിച്ച് നാട്ടില്‍ കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലും ജീവിത പ്രതിസന്ധിയിലുമാണ്.
മക്കളുടെ വിദ്യാഭ്യാസംമുതല്‍ വിവാഹംവരെ എല്ലാം മുടങ്ങുന്ന സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു.
ജീവന്‍ നിലനിര്‍ത്തുന്നതിന് പരിമിത ഭക്ഷണം മാത്രമാണ് ഇവര്‍ക്ക് ഇവിടെ നല്കുന്നത്. കുളിക്കാനുള്ള സോപ്പുമുതല്‍ വസ്ത്രം മാറിയെടുക്കണമെങ്കില്‍ വരെ സമീപത്തെ കടകളില്‍ കടം പറയണം. എന്‍ജിനീയര്‍മാര്‍, െ്രെഡവര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരാണ് കരാര്‍ കമ്പനിയുടെ കബളിപ്പിക്കല്‍ കഷ്ടപ്പെടുന്നത്.
മാസം 14,000 രൂപ മുതല്‍ 80,000 രൂപവരെ ശമ്പളമുള്ള ജീവനക്കാരാണ് ഇവരെല്ലാം. ഇവര്‍ക്കൊപ്പം ഇവിടെ തങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയും അതിദയനീയമാണ്.
തകരഷീറ്റുകൊണ്ട് മേഞ്ഞ ഉയരംകുറഞ്ഞ ഷെഡുകളിലാണ് ഇവര്‍ കഴിയുന്നത്. ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളോ തൊഴിലാളി സംഘടനകളോ ഇവരുടെ ദൈന്യസ്ഥിതി കാണാന്‍ എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here