വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക്

0
18
കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ .പി ജയരാജന്‍ നിര്‍വഹിക്കുന്നു

കല്‍പ്പറ്റ: ജില്ലയിലെ കാപ്പികര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന് തുടക്കമായി. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വാര്യാട് എസ്റ്റേറ്റിലാണ് വ്യവസായ വകുപ്പ് പ്രതിസന്ധിയിലായ കാപ്പികര്‍ഷകരെ സഹായിക്കുന്നതിന് പാര്‍ക്ക് സ്ഥാപിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു.
വാര്യാട് എസ്റ്റേറ്റിലെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിനോടനുബന്ധിച്ച് നൂറ് ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫാക്ടറിയും പ്രത്യേകം കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയും ഒരുക്കും. കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ ഒരുക്കുന്ന മാതൃക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയില്‍ 1.5 ലക്ഷം കാപ്പി ചെടികളാണ് നട്ടുപിടിപ്പിക്കുക. വിളവെടുക്കുന്നത് വരെയുളള ചെടികളുടെ പരിപാലത്തിന് പ്രത്യേകം സാമ്പത്തിക സഹായവും നല്‍കും. മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു മാന്യമായ വില നല്‍കി കോഫീ പാര്‍ക്കില്‍ ശേഖരിക്കും.
പാര്‍ക്കില്‍ നിന്നുല്‍പാദിപ്പിക്കുന്ന കാപ്പി, മലബാര്‍ കാപ്പി എന്ന പേരില്‍ ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും.
കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റും ഉയര്‍ന്ന വിലയുമാണ് ലഭിക്കുന്നത്. ജില്ലയിലെ കാപ്പി കര്‍ഷകരെ പദ്ധതിയുമായി സഹകരിപ്പിക്കാനാണ് വ്യവസായ വകുപ്പും കിന്‍ഫ്രയും ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ മേഖല ഒരുക്കുന്നതിനുളള സാങ്കേതിക സഹായം കിന്‍ഫ്ര നല്‍കും. സംസ്ഥാനത്തെ ഏക കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കാണ് ജില്ലയില്‍ തുടങ്ങിയത്. കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും.
ഇതിനായി സ്‌പെഷ്യല്‍ ഓഫീസര്‍, രണ്ട് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പന നടത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here