കെ എസ് ആര്‍ ടി സി യാത്രാ വിവാദം:എം എല്‍ എ യെ അപമാനിച്ചവര്‍ക്കെതിരെ കോടതി കേസെടുത്തു

0
5

സുല്‍ത്താന്‍ ബത്തേരി: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ കെ എസ് ആര്‍ ടി സി ബസില്‍ കണ്ടക്ടറുടെ നിര്‍ദ്ദേശം അവഗണിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് വ്യാജ പ്രചരണം നടത്തിയ എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കോടതി കേസെടുത്തു. കുപ്പാടി അയ്യന്‍വീട്ടില്‍ ലിജോ ജോണി, പുല്‍പ്പള്ളി ഇളന്നിയില്‍ മുഹമ്മദ് ഷാഫി, കുപ്പാടി കൊന്നക്കാട് വിനീഷ്, പഴേരി തണ്ടാംപറമ്പില്‍ ഋതുശോഭ് എന്നിവര്‍ക്കെതിരെയാണ് എം എല്‍ എ യുടെ പരാതിയില്‍ കേസെ ടുക്കാന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ജി.എസ് ചന്ദന ഉത്തരവിട്ടത്.
രണ്ട് വര്‍ഷം വരെ തടവ് വിധിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം എല്‍ എ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചതായി സോഷ്യല്‍ മീഡിയയില്‍ പരിഹാസ പ്രചരണം നടത്തിയതിന് പുറമേ എംഎല്‍എക്ക് ടിക്കറ്റെടുക്കാന്‍ പണം നല്‍കണം എന്നാവശ്യപ്പെട്ട് ഇവര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സംഭാവനയും പിരിച്ചിരിന്നു.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ലോ ഫ്ലോര്‍ ബസില്‍ എം എല്‍ എ യാത്ര ചെയ്തപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.ദീര്‍ഘദൂര ബസുകളിലടക്കമുള്ള എംഎല്‍എമാരുടെ സൗജന്യ പാസ് കാണിച്ചപ്പോള്‍ ലോ ഫ്ലോറിന് ഇത് ബാധകമാണോ എന്ന സംശയത്തില്‍ കണ്ടക്ടര്‍ ഓഫീസുമായി ബന്ധപ്പെട്ടു .വിവരമറിഞ്ഞ അന്നത്തെ കെ എസ് ആര്‍ ടി സി എം.ഡി ടോമിന്‍ തച്ചങ്കരി നേരിട്ടിടപ്പെട്ട് ടിക്കറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. യാതൊരു തര്‍ക്കത്തിനും നില്‍ക്കാതെ ടിക്കറ്റെടുത്ത് എം എല്‍ എ യാത്ര ചെയ്തു. എന്നാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചതായും ബസില്‍ ബഹളമുണ്ടാക്കിയെന്നും ആരോപിച്ചും ടോമിന്‍ തച്ചങ്കരിയെ പ്രകീര്‍ത്തിച്ചും മേല്‍ പറഞ്ഞവര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തു കയായിരുന്നു. പിറ്റേന്ന് അവകാശ ലംഘനവും അപമാനവും നേരിട്ടതായി കാണിച്ച് ഐ.സി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പല വിധ കാരണങ്ങളാല്‍ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനിരുന്ന തച്ചങ്കരിയെ അന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here