ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി

0
67

ആലുവ: നമഃശിവായ മന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കും. ശിവക്ഷേത്രങ്ങളില്‍ വിശേഷാല്‍ പരിപാടികളും പ്രത്യേകപൂജകളും നടക്കും.ഇന്നു പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ അര്‍ധരാത്രിവരെ നീളും.

ചരിത്ര പ്രസിദ്ധമായ ശിവരാത്രിയാഘോഷത്തിനായി ആലുവ മണപ്പുറം സജ്ജമായി. മണപ്പുറത്ത് ഒത്തുകൂടി ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച വിശ്വാസികള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ബലി അര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് ആലുവ ശിവരാത്രി മണപ്പുറത്തെത്തുന്നത്.

ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് വിശ്വാസികള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കിയിട്ടുള്ളത്. ഇന്നു രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ബലിതര്‍പ്പണം ആരംഭിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബലി അര്‍പ്പിച്ച് വിശ്വാസികള്‍ മടങ്ങിത്തുടങ്ങും. ചൊവ്വാഴ്ച പൂര്‍ണമായും കുംഭമാസത്തിലെ കറുത്തവാവായതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും തര്‍പ്പണം നടത്താന്‍ കഴിയും. നിരവധി ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലിധം പേര്‍ കര്‍മികളും സഹായികളുമായി മണപ്പുറത്തുണ്ടാകും. 75 രൂപയാണ് ബലിതര്‍പ്പണം നടത്തുന്നതിന് ഫീസ്. കൂടുതല്‍ തുക ഈടാക്കുന്നവരെ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിനെയും പോലീസിനെയും നിയോഗിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here