തലശേരി റെയില്‍വെ മേല്‍പ്പാലം വെളളിയാഴ്ച തുറന്നുകൊടുക്കും

0
6

തലേശ്ശരി: തലശ്ശേരി ടി.സി. മുക്ക് റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റക്കുറ്റപണികള്‍ അവസാനഘട്ടത്തില്‍. ടാറിങ് പൂര്‍ത്തിയാകുന്നതോടെ പാലം വെളളിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കാനുളള തീവ്രശ്രമത്തിലാണ്. ജനുവരി അവസാന വാരത്തിലാണ് എക്‌സ്പാന്‍ഷന്‍ ജോയിന്റിലെ വിള്ളല്‍ അടക്കുന്ന പ്രവൃത്തിക്കായി പാലം അടച്ചിട്ടത്. ഫെബ്രുവരി 10 വരെ പാലത്തില്‍ ഗതാഗതം നിരോധിച്ചതായാണ് ആദ്യം അറിയിപ്പുണ്ടായത്. പിന്നീട് മാര്‍ച്ച് 10 വരെ നീട്ടുകയായിരുന്നു. പി.ഡബ്ല്യു.ഡിയുടെ മേല്‍നോട്ടത്തില്‍ പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റില്‍ ചാനല്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിക്കുന്ന ജോലി ഇതിനകം പൂര്‍ത്തിയായി. നടപ്പാതയിലെ പൊട്ടിയ സ്ലാബുകളുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. സംഗമം ഭാഗത്തെ പൊട്ടിവീണ നടപ്പാതയിലെ കൈവരികളും സിമന്റും കമ്പിയുമിട്ട് ബലപ്പെടുത്തി. പാലത്തില്‍ നിലവിലുളള ടാറിങ് യന്ത്രമുപയോഗിച്ച് ഇളക്കിമാറ്റുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് ഇത് പൂര്‍ത്തിയാക്കും. 406 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമുളള പാലത്തില്‍ മെക്കാഡം ടാറിങാണ് ഇനി ബാക്കിയുളളത്. എക്‌സ്പാന്‍ഷന്‍ ജോയിന്റിനും മെക്കാഡം ടാറിങ് നടത്താനുമായി ആകെ 50 ലക്ഷം രൂപയാണ് എസ്റ്റിമേറ്റിട്ടത്.
രണ്ട് പതിറ്റാണ്ടോളം പഴക്കമുളള പാലത്തില്‍ ജോയിന്റുളള ഭാഗങ്ങള്‍ നിരന്തരം തകരാന്‍ തുടങ്ങിയതോടെയാണ് പാലത്തില്‍ അറ്റക്കുറ്റ പണി ആരംഭിച്ചത്. 1999 ജനുവരി 19 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് പാലം തുറന്നുകൊടുത്തത്. അലൂമിനിയം ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മാണവേളയില്‍ പാലത്തിന്റെ സ്ലാബിലെ വിടവ് ജോയിന്റാക്കിയിരുന്നത്. കാലപ്പഴക്കത്താല്‍ ജോയിന്റിലെ അലൂമിനിയം ഷീറ്റ് ദ്രവിച്ചതാണ് റോഡിന്റെ തകര്‍ച്ചക്കിടയായത്. ഇപ്പോള്‍ നിര്‍മിക്കുന്ന പാലങ്ങളില്‍ പുതിയ രീതിയിലുളള ചാനലുകളാണ് ഘടിപ്പിക്കുന്നത്. പാലത്തിലെ മുഴുവന്‍ ജോയിന്റുകളും വെട്ടിപ്പൊളിച്ചാണ് പ്രവൃത്തി നടത്തിയത്. ചാനല്‍ വെല്‍ഡ് ചെയ്ത് ഘടിപ്പിക്കാനും കോണ്‍ക്രീറ്റ് ഉണക്കിയെടുക്കാനും ദിവസങ്ങളോളം േവണ്ടിവന്നു. ടാറിങിന് രണ്ട് ദിവസം മതിയാകും. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ടാറിങ് നടത്തുക. പാലത്തില്‍ അറ്റക്കുറ്റ പണി നടക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങള്‍ നടപ്പാതയില്‍ കൂടി തലങ്ങും വിലങ്ങുമായി ഓടിയതിനാല്‍ കുറേ സ്ലാബുകള്‍ തകര്‍ന്നിരുന്നു. അവയൊക്കെ മാറ്റിയിട്ടുണ്ട്. ഒന്നര മാസമായിപാലം അടച്ചതിനാല്‍ നഗരത്തിലെ ടൗണ്‍ഹാള്‍ റോഡ്, മഞ്ഞോടി, നാരങ്ങാപ്പുറം, ഒ.വി. റോഡ് വഴിയുളള ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ട്രാഫിക് പൊലീസിനും ഇത് വല്ലാതെ പ്രയാസം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here