അഫ്‌സത്തിലുണ്ട് കരവിരുതിന്റെ വിസ്മയം…..

0
18
അഫ്സത്ത് കരകൗശലവസ്തു നിര്‍മാണത്തില്‍.

തലശ്ശേരി: വീട്ടുജോലിക്കിടയിലും വെറുതെയുളള സമയം പാഴാക്കാന്‍ 56 കാരിയായ ടി.പി. അഫ്‌സത്ത് തയ്യാറല്ല, സ്വന്തം കരവിരുതില്‍ നേടിയെടുത്ത വിസ്മയങ്ങള്‍ തുന്നിച്ചേര്‍ക്കുകയാണ് ഈ വീട്ടമ്മ. കോപ്പാലം പുത്തന്‍മഠം ക്ഷേത്രത്തിനടുത്ത ഹസീന മന്‍സിലില്‍ കയറിയെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് കരവിരുതിന്റെ വിസ്മയലോകമാണ്. അഫ്‌സത്ത് ഉണ്ടാക്കിയ വര്‍ണപൂക്കളും കുഞ്ഞുടുപ്പുകളും പാവയും ബാഗുമെല്ലാം കാണുേമ്പാള്‍ തന്നെ വല്ലാതെ ആകര്‍ഷിക്കും. വേണ്ടത്ര പരിശീലനമില്ലാതെ നേരം പോക്കിന് തുടങ്ങിയതായിരുന്നു കരകൗശല വസ്തു നിര്‍മാണം. കാണുന്നവരെല്ലാം പ്രോത്സാഹനം നല്‍കിയതോടെ ഉല്‍പന്ന നിര്‍മാണത്തില്‍ കൂടുതല്‍ താല്‍പര്യമെടുത്തു. കേരളമറിയുന്ന കലാകാരിയായി അഫ്സത്തും മാറുകയാണ്.
ഭര്‍ത്താവ് ബംഗളൂരുവില്‍ ഹോട്ടല്‍വ്യാപാരം നടത്തുന്ന കാലത്ത് നേരംപോക്കിന് മേശവിരിയും മറ്റും തുന്നിയാണ് അലങ്കാര വസ്തുക്കളുടെ കൗതുകലോകത്തിലേക്ക് അഫ്‌സത്ത് കടന്നത്. കരവിരുതിന്റെ മഹാദ്ഭുതം തീര്‍ക്കുന്ന കലാപ്രവര്‍ത്തനം ഇന്ന് ഈ വീട്ടമ്മയുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഉറച്ച പിന്തുണയും പ്രോത്സാഹനവുമായി ഭര്‍ത്താവ് ഖാദറും ഒപ്പമുണ്ട്. വടകരക്കടുത്ത ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ പ്രദര്‍ശനത്തിനെത്തിച്ച കരകൗശലവസ്തുക്കള്‍ മുഴുവന്‍ വിറ്റുപോയതിന്റെ ത്രില്ലിലാണിപ്പോള്‍ ഈ കലാകാരി.
യാത്രക്കിടയില്‍ എവിടെ കരകൗശല വസ്തുകണ്ടാലും ഒറ്റനോട്ടത്തില്‍ നിര്‍മാണ രീതി സ്വായത്തമാക്കാനുള്ള അസാധാരണമായ കഴിവാണ് ഇവരുടെ പ്രത്യേകത. തയ്ക്കുന്നത് മനസിലാക്കിയാല്‍ പിന്നെ എല്ലാം ഈസിയാകുമെന്ന് അഫ്സത്ത് പറഞ്ഞു. നവജാത ശിശുക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഷൂസ്, മുടിക്കുത്തി, കീചെയിന്‍, അലങ്കാരവസ്തുക്കള്‍, പൂപ്പാത്രങ്ങള്‍, തൊപ്പികള്‍ തുടങ്ങി അമ്പതിലേറെ ഇനങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്. കേടായ ബള്‍ബ് ഉപയോഗിച്ചുള്ള പൂപ്പാത്രവും ആപ്പിള്‍ പൊതിയുന്ന കവര്‍കൊണ്ടുള്ള അലങ്കാരവസ്തുക്കളും മറ്റൊരു കൗതുകം. ഒരുദിവസം മുഴുവനെടുത്ത് നിര്‍മിക്കുന്ന പാവക്ക് തുഛവരുമാനമേ ലഭിക്കൂവെങ്കിലും അതൊന്നും ഇവരുടെ സര്‍ഗസപര്യയെ ബാധിക്കുന്നില്ല. കേരളവും കടന്ന് ഇവരുടെ ഖ്യാതിപരക്കുകയാണ്. അടുത്തിടെ ബംഗളൂരുവില്‍നിന്നുള്ള ഒരു സംഘം കോപ്പാലത്തെ വീട്ടിലെത്തിയിരുന്നു. ഓണ്‍ലൈനില്‍ ഇവ ആവശ്യാനുസരണം അയച്ചുതരാന്‍ പറ്റുമോ എന്നായിരുന്നു അന്വേഷണം. പാലക്കാട് നിന്നെത്തിയ ഒരു സംഘം നിര്‍മിക്കുന്ന സാമഗ്രികള്‍ മുഴുവന്‍ വാങ്ങാനുള്ള സന്നദ്ധത അറിയിച്ചതായും അഫ്സത്ത് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here