പട്ടയം കിട്ടിയില്ല: വില്ലേജ് ഓഫീസ് താഴിട്ടുപൂട്ടി കര്‍ഷകന്റെ സമരം

0
47

പേരാമ്പ്ര: സ്ഥലത്തിന്റെ പട്ടയത്തിനായി ദീര്‍ഘ കാലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ചക്കിട്ടപാറ മുതുകാട്ടിലെ കര്‍ഷകന്‍ വില്ലേജ് ഓഫീസ് താഴിട്ടുപൂട്ടി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. മുതുകാട് വളയത്ത് പാപ്പച്ചനാ (72)ണ് പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫീസ് താഴിട്ടുപൂട്ടി സത്യഗ്രഹം നടത്തിയത്. വന്‍ പോലീസ് സംഘമെത്തി പൂട്ടുപൊളിച്ചു ഓഫീസ് തുറന്നു. പന്തല്‍ കെട്ടാനുള്ള പാപ്പച്ചന്റെ ശ്രമം പോലീസ് തടഞ്ഞു. അയല്‍വാസി മൂഞ്ഞക്കുന്നേല്‍ ലക്ഷ്മി (69)യും ഇതേ ആവശ്യമുന്നയിച്ചു പാപ്പച്ചനോടൊപ്പം സമരം ചെയ്തു. വൈകുന്നേരമായപ്പോള്‍ ലക്ഷ്മിയെ വീട്ടിലേക്കു പറഞ്ഞു വിട്ടു. പ്രശ്‌നം പരിഹരിക്കുന്നതു വരെ തന്റെ സമരം തുടരുമെന്നു പാപ്പച്ചന്‍ പ്രഖ്യാപിച്ചു. പ്രശ്‌നം പരിഹരിക്കാത്ത പക്ഷം വില്ലേജ് ഓഫീസില്‍ ജീവനൊടുക്കുമെന്നറിയിച്ച പാപ്പച്ചന്‍ കഴുത്തില്‍ കുരുക്കിട്ടാണു സമരം ചെയ്തത്. രാത്രി ഏഴിന് കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി. അനിയെത്തി പാപ്പച്ചനുമായി സംസാരിച്ചു.
കോഴിക്കോട്ട് എഡിഎമ്മുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. സമ്മതമറിയിച്ച പാപ്പച്ചനും കര്‍ഷകനേതാക്കളും ഇതെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ ചര്‍ച്ചയുടെ കാര്യം എഴുതി നല്‍കി. തുടര്‍ന്ന് പാപ്പച്ചന്‍ സമരം നിര്‍ത്തി. മുന്‍ കാലങ്ങളിലേതു പോലെ പറഞ്ഞു കളിപ്പിക്കാനാണു നീക്കമെങ്കില്‍ പിന്നീട് സംഭവിക്കുന്നതിനൊക്കെ റവന്യൂ ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്ന് പാപ്പച്ചന്‍ മുന്നറിയിപ്പു നല്‍കി.കര്‍ഷക സംഘടന നേതാക്കളായ ജോയി കണ്ണംചിറ, രാജന്‍ വര്‍ക്കി, ജീജോ വട്ടോത്ത്, രാജേഷ് തറവട്ടത്ത്, ജോര്‍ജ് കുബ്ലാനി, വിനീത് പരുത്തിപ്പാറ, രാജു പൈകയില്‍, എം.എ മത്തായി, അന്തോനി കിഴക്കയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here