200 കോടി രൂപയുടെ ആധുനീകരണ പദ്ധതികളുമായി ടെല്‍ക്ക്; ഒമാനില്‍ നിന്ന് 2 കോടിയുടെ ഓര്‍ഡര്‍

0
29

കൊച്ചി : വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഈ മാസം 8-ന് ടെല്‍ക്കില്‍. ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ച 43-മത് ട്രാന്‍സ്ഫോര്‍മറിന്റെ കൈമാറ്റം വ്യാവസായ മന്ത്രി രാവിലെ 10-ന് നിര്‍വ്വഹിക്കും. കൂടാതെ ടെല്‍ക്ക് ആസൂത്രണം ചെയ്തുവരുന്ന 200 കോടി രൂപയുടെ ആധുനീകരണ പദ്ധതികള്‍ മന്ത്രി വിലയിരുത്തും.
2016 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭം നേടുന്ന ടെല്‍ക്കിന്റെ ആധുനികവല്‍ക്കരണം രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്നതോടെ 10000 എം.വി.എ ഉല്‍പാദനക്ഷമത കൈവരിക്കും. ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച 200 കോടിയുടെ ആധുനീകരണ പദ്ധതികള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും.
കൂടാതെ 2 കോടി മുടക്കി കമ്പ്യൂട്ടര്‍ ആധുനികവല്‍ക്കരണവും, 11 കോടിമുടക്കി വിപിഡി എന്ന ആധുനിക സജ്ജീകരണവും, നൂതന ട്രാന്‍സ്ഫോര്‍മര്‍ ടെക്നോളജിക്കായി 50 കോടിയുടെ പദ്ധതികളും വിഭാവനം ചെയ്തു വരുന്നു.
ബൃഹത്തായ സൗരോര്‍ജ്ജ പദ്ധതികള്‍ക്കനിവാര്യമായ തരം ട്രാന്‍സ്ഫോര്‍മറുകളുടെ ഉല്‍പാദനം തുടങ്ങും.
ടെല്‍ക്കിന്റെ 350-ല്‍ പരം ട്രാന്‍സ്ഫോര്‍മറുകള്‍ ഉപയോഗിക്കുന്ന ഒമാന്‍ സര്‍ക്കാരുമായി പുതിയ കരാറിനും, നിലവിലുള്ള ട്രാന്‍സ്ഫോര്‍മറുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ദീര്‍ഘകാല കരാറിനും ധാരണയായിട്ടുണ്ട്. ആദ്യ പടിയായി 2 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. 2016-ല്‍ 56 കോടി രൂപയുടെ ഓര്‍ഡര്‍ പൊസിഷന്‍ ഇപ്പോള്‍ 280 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ഇത് താമസിയാതെ 350 കോടിയായി ഉയര്‍ത്തും. തൊഴിലാളികളുമായി ഉണ്ടാക്കിയിരിക്കുന്ന ദീര്‍ഘകാല കരാര്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, ഓഫീസേഴ്സിന്റെ കുടിശികയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുമതി നേടി ഉടന്‍ നല്‍കുമെന്നും ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹനന്‍, മാനേജിംഗ് ഡയറക്ടര്‍ ബി. പ്രസാദ്, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോഫി ജോര്‍ജ്. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റെജി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here